സില്‍ക്യാര തുരങ്കത്തിലെ രക്ഷാദൗത്യം നീളുന്നു; രക്ഷാദൗത്യം ഇന്ന് രാവിലെയും പുനഃരാരംഭിക്കാന്‍ സാധിച്ചില്ല

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം നീളുന്നു.  വെള്ളിയാഴ്ച രാവിലെയും രക്ഷാദൗത്യം പുനഃരാരംഭിക്കാന്‍ സാധിച്ചില്ല.  വ്യാഴാഴ്ച രാത്രിയോടെ ഡ്രില്ലിങ് യന്ത്രത്തിനുണ്ടായ സാങ്കേതിക  തകരാറിനെ തുടര്‍ന്നാണ്  രക്ഷാപ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിലായത്. യന്ത്രം  സ്ഥാപിച്ച ബേസ്‌മെന്റിന് തകരാര്‍  സംഭവിച്ചതാണ്  ദൗത്യം വീണ്ടും തടസ്സപ്പെടാന്‍ കാരണമായത്.

നാലരകിലോമീറ്റര്‍ ദൂരമുള്ള തുരങ്കത്തിന്റെ 57 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. ഇതുവരെ 46.8 മീറ്റര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുരന്നുകയറിയിട്ടുണ്ട്. തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയത്തോട് അടുക്കുമെന്ന് തോന്നിച്ച ശേഷമാണ് വീണ്ടും പ്രതിസന്ധിയിലായത്.

അതേസമയം, 13 ദിവസമായി തുരങ്കത്തില്‍ അകപ്പെട്ടുകിടക്കുന്ന തൊഴിലാളികള്‍ക്ക് നേരംപോക്കിനായി വിനോദ ഉപാധികള്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നതായി അധികൃതര്‍ അറിയിച്ചു. ഉള്ളില്‍ കുടുങ്ങിയവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ദൗത്യമുഖത്തുള്ള സൈക്യാട്രിസ്റ്റ് ഡോ. രോഹിത് ഗോണ്ട്വാള്‍ അറിയിച്ചു. നിലവില്‍ തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും അവര്‍ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായി തുടരേണ്ടതുണ്ട് എന്നും അധികൃതര്‍.

Top