ചെന്നൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം കണ്ട വെള്ളപ്പൊക്ക കെടുതിയെ നേരിടുവാന്‍ രക്ഷാദൗത്യത്തിന് വഴികാട്ടിയായി ഉപഗ്രഹങ്ങളും ഒപ്പമുണ്ടായിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി കാലാവസ്ഥാ വിവരങ്ങളും പ്രളയ ബാധിത പ്രദേശങ്ങളുടെ തത്സമയ വിവരങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിച്ച അഞ്ച് കൃത്രിമോപഗ്രഹങ്ങള്‍ വഴിയാണ് ശേഖരിച്ചത്. ഓഷ്യാനോസാറ്റ് 2, റിസോഴ്‌സ് സാറ്റ്2, കാര്‍ട്ടോസാറ്റ് 2, 2എ, ഇന്‍സാറ്റ് 3ഡിആര്‍ എന്നീ അഞ്ചു ഉപഗ്രഹങ്ങളാണ് രക്ഷാദൗത്യത്തില്‍ പങ്കാളികളായി രംഗത്തെത്തിയത്. ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.
കൂടാതെ കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി കൈമാറുകയും ചെയ്യും. പ്രളയബാധിത പ്രദേശങ്ങള്‍ കൃത്യമായി അടയാളപ്പെടുത്താനും ഉപഗ്രഹ വിവരങ്ങള്‍ സഹായകമാണ്.