‘റിസർച്ച് സ്കോർ കൂടിയതുകൊണ്ട് മാത്രം തെരഞ്ഞെടുക്കപ്പെടണമെന്നില്ല’; വിശദീകരണവുമായി കണ്ണൂർ സർവകലാശാല

കണ്ണൂര്‍: പ്രിയ വർഗീസിന്റെ നിയമനത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല. ഫാക്കൽറ്റി ഡെവലപ്‌മെന്റിനായി ചെലവഴിച്ചതും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് കണ്ണൂർ സർവകലാശാലയുടെ വിശദീകരണം.

ഇതു സംബന്ധിച്ച് സ്റ്റാൻഡിംഗ് കൗൺസിൽ, അഡ്വക്കേറ്റ് ജനറൽ എന്നിവരിൽ നിന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും സർവകലാശാല വിശദീകരിക്കുന്നു. റിസർച്ച് സ്കോർ കൂടിയതുകൊണ്ട് മാത്രം ഉദ്യോഗാർത്ഥി തെരഞ്ഞെടുക്കപ്പെടണമെന്നില്ല. പ്രിയ വർഗീസിനെക്കാൾ റിസർച്ച് സ്കോർ കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ലെന്നും സർവകലാശാല വിശദീകരണ കുറിപ്പില്‍ പറയുന്നു.

സർവകലാശാല വൈസ് ചാൻസലർ എന്ന നിലയിലും, തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷൻ എന്ന നിലയിലും യോഗ്യതയുള്ള വ്യക്തികൾ മാത്രമേ സർവകലാശാലയിൽ നിയമിതരാവുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. യു.ജി.സി.നിയമത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ തസ്തികക്ക് അപേക്ഷിക്കാൻ, മറ്റു യോഗ്യതകൾക്കൊപ്പം, 75 റിസർച്ച് സ്കോർ മതി. അധ്യാപക തസ്തികകളിലേക്ക് സർവകലാശാല തയ്യാറാക്കിയ ഓൺലൈൻ അപേക്ഷയിൽ അപേക്ഷാർത്ഥി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പബ്ലിക്കേഷനുകളുടെ എണ്ണത്തിന് അടിസ്ഥാനമാക്കിയാണ് സോഫ്റ്റ്‌വെയർ സ്ക്കോർ കണക്കാക്കുന്നത്. സ്കോർ കൂടിയതുകൊണ്ട് മാത്രം അവർ തെരഞ്ഞെടുക്കപ്പെടണമെന്നില്ല. അതിനാൽ തന്നെ സ്കോർ കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ല. മറ്റു സർവകലാശാലകളിൽ നടന്നിട്ടുള്ള നിയമനങ്ങളും ഇങ്ങനെയുള്ള ഒരു വിലയിരുത്തലിന് വിധേയമാക്കിയാൽ ഇക്കാര്യം വ്യക്തമാവും.

അഭിമുഖത്തിൽ അപേക്ഷാർത്ഥിയുടെ അറിവും പബ്ലിക്കേഷനുകളുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരവും സമിതിയിലെ വിഷയ വിദഗ്ധരാൽ വിലയിരുത്തപ്പെടും. ഗവേഷണം, പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം, പ്രധാന വിഷയത്തിലും ഇന്റർ ഡിസിപ്ലിനറി വിഷയങ്ങളിലുമുള്ള അറിവ് എന്നിവ തിരഞ്ഞെടുപ്പ് സമിതി വിലയിരുത്തിയാണ് ഓരോരുത്തർക്കും മാർക്ക് നൽകുന്നത്. മറ്റെല്ലാ തെരഞ്ഞെടുപ്പ്സമിതികളുടെയും കാര്യത്തിലെന്നപോലെ ഇവിടെയും അപേക്ഷകരെ വിലയിരുത്തുന്നതിനുള്ള സ്വാതന്ത്രം വിഷയ വിദഗ്ദർക്കാണ്. എങ്കിലും തുടന്നുണ്ടായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നിയമന നടപടികൾ സുതാര്യവും നിയമപരവുമായാണ് നടക്കുന്നത് എന്നുറപ്പിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും സർവകലാശാല സ്വീകരിച്ചിട്ടുണ്ട്.

Top