ഗ്രോക്കിന് ഇടതു രാഷ്ട്രീയ ചായ്വുണ്ടെന്ന റിസര്‍ച്ച്; പുതിയ നിര്‍ദേശവുമായി മസ്‌ക്

മൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമാണ് എക്സ് തലവന്‍ എലോണ്‍ മസ്‌കിന്റെ പരാമര്‍ശങ്ങള്‍. ചില്ലറ വിവാദമൊന്നുമല്ല മസ്‌ക് ഉണ്ടാക്കാറുള്ളത്. ഇപ്പോഴിതാ, മസ്‌കിന്റെ മേല്‍നോട്ടത്തിലുള്ള ഗ്രോക്കിനെ കുറിച്ചുള്ള പരാമര്‍ശമാണ് സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നത്.

നിലവില്‍ ഇന്ത്യയുള്‍പ്പെടെ 46 രാജ്യങ്ങളില്‍ ഗ്രോക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എക്സ് പ്രീമിയമുള്ളവര്‍ക്കാണ് ഗ്രോക്ക് ലഭ്യമാകുക. എഐ അധിഷ്ഠിത സെര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടിയുടെ വിജയത്തിന് പിന്നാലെ നിരവധി സേവനങ്ങള്‍ ഇത്തരത്തില്‍ ആരംഭിച്ചിരുന്നു. അതിലൊന്നാണ് എലോണ്‍ മസ്‌കിന്റെ എക്‌സ്എഐ ടീം പുറത്തിറക്കിയ ഗ്രോക്ക്. ചോദ്യങ്ങള്‍ എത്ര കട്ടിയുള്ളതായാലും ഉത്തരം ഗ്രോക്ക് നല്‍കും. ചോദ്യം ചോദിക്കാന്‍ അറിയില്ലെങ്കില്‍ ചോദിക്കേണ്ട ചോദ്യമെന്താണെന്ന നിര്‍ദേശം വരെ ഗ്രോക്ക് തരും. ഉത്തരങ്ങളില്‍ തമാശയുമുള്‍പ്പെടുത്താമെന്നതും ശ്രദ്ധേയമാണ്.

ഗ്രോക്കിന് അല്‍പ്പം ഇടതു രാഷ്ട്രീയ ചായ്വുണ്ടെന്ന റിസര്‍ച്ച് ശാസ്ത്രജ്ഞനായ ഡേവിഡ് റൊസാഡോയുടെ ആരോപണവും പിന്നാലെയുണ്ടായ മസ്‌കിന്റെ പുതിയ നിര്‍ദേശവുമാണ് ചര്‍ച്ചയായിരിക്കുന്നത്. ഗ്രോക്ക് നല്‍കുന്ന ഉത്തരങ്ങളില്‍ കൂടുതല്‍ ഇടതുപക്ഷ ചിന്താഗതി പ്രതിഫലിക്കുന്നുണ്ടെന്നാണ് ആരോപണം. ചാറ്റ്ജിപിടിയെയും ഗ്രോക്കിനെയും താരതമ്യം ചെയ്തു പഠിച്ച റിപ്പോര്‍ട്ടിലാണ് ഡേവിഡ് റൊസാഡോ ഇക്കാര്യം പറയുന്നത്. തന്റെ പഠനവേളയില്‍ ഗ്രോക്ക് നല്‍കിയ പല ഉത്തരങ്ങളിലും മാര്‍ക്സിസത്തിന്റെ സ്വാധീനമുണ്ടെന്ന് ഡേവിഡ് പറയുന്നു. ഗവേഷകന്‍ നല്‍കിയ പൊളിറ്റിക്കല്‍ സ്‌പെക്ട്രം ക്വിസിനാണ് ഗ്രോക്ക് അത്തരത്തില്‍ മറുപടി നല്‍കിയത്. റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഗ്രോക്കിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെ ബന്ധപ്പെട്ടതായും ഡേവിഡ് പറയുന്നു. രാഷ്ട്രീയ പക്ഷപാതം ഇല്ലാത്ത രീതിയിലായിരിക്കണം ഇനി ഗ്രോക്കിന്റെ ഉത്തരങ്ങള്‍ എന്നാണ് മസ്‌കിന്റെ പുതിയ നിര്‍ദേശമെന്നാണ് സൂചന.

Top