പാരീസ്: പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന കണ്ടെത്തലുമായി ഫ്രാന്‍സിലെ ഗവേഷകര്‍. പാരീസിലെ ആശുപത്രിയിലെത്തിയ 343 കോവിഡ് രോഗികളില്‍ നടത്തിയ നിരീക്ഷണത്തിലാണ് നിക്കോട്ടിന്‍ കോവിഡ് പ്രതിരോധ ശേഷിയുണ്ടെന്ന് കണ്ടെത്തിയത്.
139 രോഗികള്‍ കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിച്ചത്. പുകവലിക്കുന്ന അഞ്ചുശതമാനം രോഗികളാണ് ആശുപത്രിയിലെത്തിയത്. ബാക്കി 95 ശതമാനവും പുകവലിക്കാത്തവരായിരുന്നു. രാജ്യത്തെ 35 ശതമാനം ആളുകളും പുകവലിക്കാരാണ്. തുടര്‍ന്നാണ് ഗവേഷകര്‍ നിക്കോട്ടിന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന നിഗമനത്തിലെത്തിയത്.
ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. സഹീര്‍ അമോറയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്കൊരുങ്ങുകയാണ്.
കോശസ്തരത്തില്‍ പറ്റിപ്പിടിക്കുന്ന നിക്കോട്ടിന്‍ കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നതു തടയുമെന്ന് പഠനത്തില്‍ പങ്കാളിയായ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ ബയോളജിസ്റ്റ് ജീന്‍ പിയര്‍ ഷാങ്ക്‌സും വിശദമാക്കി. ചൈനയിലും സമാനമായ ഗവേഷണ ഫലം പുറത്തുവന്നിരുന്നു. ചൈനയിലെ 1000 രോഗികളില്‍ പുകവലിക്കാര്‍ 12. 6 ശതമാനം മാത്രമായിരുന്നുവെന്നാണ് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.
അതേസമയം, പുകവലി കാരണം ലോകത്ത് വര്‍ഷം 60 ലക്ഷം പേര്‍ മരിക്കുന്നതായാണ് കണക്ക്. ശ്വാസകോശ ക്യാന്‍സര്‍, വിട്ടുമാറാത്ത ചുമ, കുട്ടികളിലെ ആസ്മ, ഹൃദയാഘാതം, രക്തക്കുഴലുകളെ ബാധിക്കുന്ന ഗാന്‍ഗ്രീന്‍, രക്തപ്രവാഹം തടസപ്പെടല്‍, പക്ഷാഘാതം, ബുദ്ധിമാന്ദ്യം, വിഷാദരോഗങ്ങള്‍,വിവിധ അവയവങ്ങളിലെ ക്യാന്‍സറുകള്‍ തുടങ്ങിയവക്കും പുകവലി കാരണമാകുന്നു.