ഭൂമിയിലേക്കാള്‍ രണ്ടിരട്ടിയിലേറെ വലുപ്പമുള്ളതും ശക്തമായ ഒഴുക്കുള്ളതുമായ പുഴകള്‍ ചൊവ്വയില്‍ ഉണ്ടായിരുന്നതായി ഗവേഷകര്‍. നൂറുകോടിയിലേറെ വര്‍ഷങ്ങള്‍ പുഴകള്‍ ചൊവ്വയിലൂടെ ഒഴുകിയിരുന്നതായും പഠനത്തില്‍ പറയുന്നു.
ഷിക്കാഗോ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനത്തിനു പിന്നില്‍. പ്രൊഫസര്‍ എഡ്വിന്‍ കൈറ്റിന്റെ നേതൃത്ത്വത്തില്‍ നടത്തിയ പഠനം സയന്‍സ് അഡ്വാന്‍സസ് എന്ന ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ചൊവ്വയില്‍ ഉണ്ടായ വലിയ കാലാവസ്ഥാമാറ്റമാണ് പുഴകള്‍ വറ്റിവരളാനും അന്തരീക്ഷം നഷ്‌പ്പെടാനും കാരണം എന്നാണ് പഠനം പറയുന്നത്. ചൊവ്വയിലെ വെള്ളമൊഴുകിയതിന്റെ ചാലുകള്‍, പുഴയില്ലാതായതിനുശേഷമുള്ള എക്കല്‍ശേഖരം, നദീമുഖതുരുത്തുകള്‍ എന്നിവയുടെ ചിത്രങ്ങളും പുഴച്ചാലുകളുടെ വലുപ്പം എന്നിവയുടെ അടിസ്ഥാനത്തിലാണ്
ഗവേഷകര്‍ പഠനം നടത്തിയത്. പുഴ അപ്രത്യക്ഷമാകാന്‍ കാരണം ചൊവ്വയിലെ പ്രാദേശിക പ്രതിഭാസം അല്ലായിരുന്നു എന്നും പഠനങ്ങള്‍ പറയുന്നു.