ആലപ്പുഴ: മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
കൂടെ നിന്ന അധഃകൃത വിഭാഗത്തെ മറികടന്നുള്ള തീരുമാനമാണിതെന്നും, സാമൂഹിക നീതി ഉറപ്പു വരുത്താതെ സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
നേരത്തെ, ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കാനും മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗ തീരുമാനിച്ചിരുന്നു.
ദേവസ്വം നിയമനങ്ങളില്‍ ഈഴവ സംവരണം 17% ആയും പട്ടികജാതിവര്‍ഗ്ഗക്കാര്‍ക്കുള്ള സംവരണം 12% ആയും മറ്റു പിന്നോക്കക്കാര്‍ക്ക് ആറുശതമാനവും സംവരണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.
സര്‍ക്കാര്‍ സര്‍വ്വീസ് അടക്കമുള്ള മറ്റു ജോലികള്‍ക്ക് മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ഭേദഗതിക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ തീരുമാനിച്ചതായും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.