ട്രാന്‍സ്‌ജെന്‍ഡേഴ്സിന് ജോലികളില്‍ സംവരണം; പ്രതികരണം തേടി സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ഡല്‍ഹി: രാജ്യത്തുടനീളമുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്സിന് സംസ്ഥാനത്ത് ജോലികളില്‍ സംവരണം നല്‍കണം. ഇത് സംബന്ധിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. മലയാളിയായ ട്രാന്‍സ്‌ജെന്‍ഡര്‍ സുബി കെ സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ആര്‍ട്ടിക്കിള്‍ 14, 19, 21 പ്രകാരം സര്‍ക്കാര്‍ ജോലികളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സംസ്ഥാനത്തിന് കീഴില്‍ സംവരണത്തിന് അര്‍ഹതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പരിതാപകരമായ സാഹചര്യങ്ങളോടെ പിന്നാക്കാവസ്ഥയിലാണെന്ന് പരാമര്‍ശിക്കുന്ന വിവിധ പഠനങ്ങള്‍ സുബി കെ സി ചൂണ്ടിക്കാട്ടി. സംവരണത്തിനുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കികൊണ്ട് ഈ തടസ്സങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍ അംഗീകരിക്കുന്നതിന് വഴിയൊരുക്കിയ 2014 ലെ സുപ്രീം കോടതിയുടെ നല്‍സ vs യൂണിയന്‍ ഓഫ് ഇന്ത്യയുടെ വിധിയും സുബി കെ സി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കേസില്‍ സുപ്രീം കോടതിയുടെ വിധി ഇന്ത്യന്‍ ഭരണഘടനയുടെ 141-ാം അനുച്ഛേദം അനുസരിച്ചാണ്. വിധിയെ തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ ഗ്രൂപ്പ് ഓഫ് പേഴ്‌സണ്‍സിന് സംവരണ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിന് മതിയായ പരിശീലനത്തിന്റെയും നൈപുണ്യ തൊഴില്‍ പരിപാടികളുടെയും അഭാവം ഉയര്‍ത്തിക്കാട്ടുന്ന യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചതായും ഹര്‍ജിയില്‍ പറയുന്നു.

ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് നിയമം, 2019 ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സിന് വിവിധ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ അവര്‍ക്ക് വിദ്യാഭ്യാസത്തിലോ ജോലിയിലോ സംവരണം നല്‍കുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പൊതു തൊഴിലില്‍ സംവരണം നടപ്പാക്കുന്നതിനായി വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിച്ച നിരവധി റിട്ട് ഹര്‍ജികളും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

 

Top