ഡല്‍ഹി: പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കും സ്വകാര്യ സ്‌കൂളുകളില്‍ സംവരണം നല്‍കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ കേരളത്തോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ നടപ്പാക്കണം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ (ഇ.ഡബ്ല്യു.എസ്.) കുട്ടികള്‍ക്കും അവിടെ പ്രവേശനത്തിന് അര്‍ഹതയുണ്ട്.സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പിന്നാക്കവിഭാഗക്കാര്‍ക്കായി ചെറിയ ക്ലാസുകളില്‍ 25 ശതമാനം സീറ്റെങ്കിലും സംവരണം ചെയ്യണമെന്ന വ്യവസ്ഥ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇത് നിയമവും മൗലികാവകാശങ്ങളും ലംഘിക്കലാണെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. 30 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ സമ്പന്നരായ വിദ്യാര്‍ഥികള്‍ സ്വകാര്യ സ്‌കൂളിലും ദരിദ്രര്‍ സര്‍ക്കാര്‍ സ്‌കൂളിലുമാണ് പോകുന്നത്. ഇത് രണ്ട് വിഭാഗങ്ങളെ സൃഷ്ടിച്ചെന്ന് കനൂംഗോ പിന്നീട് പറഞ്ഞു. കേരളത്തില്‍ മുതലാളിത്ത വിദ്യാഭ്യാസമാതൃക നിലനില്‍ക്കുന്നത് അതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.