കേരളത്തിലെ അര്‍ബന്‍ സഹകരണ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച് റിസര്‍വ് ബാങ്ക്

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ടെന്ന ആരോപണവും പരിശോധിക്കാനാണ് തീരുമാനം. ഇതിനായി റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ അര്‍ബന്‍ സഹകരണ ബാങ്ക് പ്രതിനിധികളുടെ അടിയന്തരയോഗം വിളിച്ചു. വെള്ളിയാഴ്ച കൊച്ചിയിലാണ് യോഗം.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ അര്‍ബന്‍ ബാങ്കുകളുടെ ഇടപാടുകളും റിസര്‍വ് ബാങ്ക് പരിശോധിക്കും. ഇ.ഡി. റിപ്പോര്‍ട്ട് അനുസരിച്ച് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളുമായി അര്‍ബന്‍ ബാങ്കുകള്‍ക്ക് ബന്ധമുണ്ടോയെന്നും നിരീക്ഷിക്കും. കരുവന്നൂര്‍ ബാങ്കുമായി രണ്ട് അര്‍ബന്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗംചേരുന്നത്.

റിസര്‍വ് ബാങ്കിന്റെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിഭാഗം കേരളത്തിലെ വിഷയങ്ങള്‍ ആര്‍.ബി.ഐ.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ചത്തെ യോഗത്തില്‍ അര്‍ബന്‍ ബാങ്ക് പ്രതിനിധികളില്‍നിന്ന് പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുകയാണ് പ്രധാനലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി തീരുമാനിക്കുക.

സംസ്ഥാനത്തെ പ്രധാന അര്‍ബന്‍ ബാങ്കുകളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍, ചെയര്‍മാന്‍മാര്‍, അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ ഭാരവാഹികള്‍ എന്നിവരെയെല്ലാം യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ആര്‍.ബി.ഐ. കേന്ദ്രഓഫീസില്‍നിന്ന് ചുമതലപ്പെടുത്തിയ ചീഫ് ജനറല്‍ മാനേജരാണ് യോഗത്തില്‍ പങ്കെടുക്കുക. പ്രാഥമിക സഹകരണബാങ്കുകള്‍ റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലല്ല. അതിനാല്‍, നിലവിലെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാന്‍ ആര്‍.ബി.ഐ.ക്ക് കഴിയില്ല.

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് നിയന്ത്രിക്കണമെന്നും നേരത്തേ ആര്‍.ബി.ഐ. നിലപാട് എടുത്തിരുന്നു.

Top