reserve bank of India has approved the payment bank paytm

ന്യൂഡല്‍ഹി: പേടിഎമ്മിന് റിസര്‍വ് ബാങ്കില്‍ നിന്ന് പേയ്‌മെന്റ് ബാങ്ക് തുടങ്ങാനുള്ള അംഗീകാരം. വണ്‍ 97 കമ്മ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതായി സ്ഥാപകന്‍ വിജയ ശേഖര്‍ ശര്‍മ തന്റെ ബ്ലോഗില്‍ കുറിച്ചു.

ഫെബ്രുവരിയോടെ പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. പേടിഎമ്മിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ നോയിഡയിലായിരിക്കും പേയ്‌മെന്റ് ബാങ്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബാങ്കിങ് രംഗത്ത് പുതിയ പദ്ധതിക്കാണ് പേടിഎം തുടക്കം കുറിക്കുന്നതെന്ന് വിജയ് ശര്‍മ പറഞ്ഞു. ബാങ്കിങ് സേവനം ലഭ്യമല്ലാത്ത കോടിക്കണക്കിന് ആളുകളിലേക്ക് ഇത് എത്തിക്കുക എന്നതാണ് പേടിഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പേയ്‌മെന്റ് ബാങ്ക് സംവിധാന പ്രകാരം പേടിഎം കാഷ് വാലറ്റിലെ ബാലന്‍സ് പേയ്‌മെന്റ് ബാങ്ക് ബാലന്‍സായി മാറുമെന്നും പേടിഎം അറിയിച്ചിട്ടുണ്ട്.

പേയ്‌മെന്റ് ബാങ്കിന്റെ 51 ശതമാനം ശര്‍മ്മയുടെ ഉടമസ്ഥതയിലും 49 ശതമാനം വണ്‍97 കമ്മ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുമാണ്. കഴിഞ്ഞമാസം വണ്‍97 കമ്മ്യൂണിക്കേഷന്‍ അതിന്റെ ഘടനയില്‍ മാറ്റം വരുത്തിയിരുന്നു. വണ്‍97 ന്റെ ഉടമസ്ഥതയിലുള്ള വാലറ്റ് ബിസിനസ് പേടിഎം പേയ്‌മെന്റ് ബാങ്കിലേക്ക് മാറ്റിയിരുന്നു.

ഉപഭോക്താവിന് ലോണ്‍ നല്‍കാനോ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനോ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അധികാരമില്ല. എന്നാല്‍ എ.ടി.എം കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഇവര്‍ക്ക് നല്‍കാവുന്നതാണ്. പേയ്‌മെന്റ് ബാങ്കിലെ പണം ബാങ്ക് അക്കൗണ്ടിലേക്കും ട്രാന്‍സ്ഫര്‍ ചെയ്യാം.

നവംബറില്‍ എയര്‍ടെല്‍ പേയ്‌മെന്റ ബാങ്ക് പദ്ധതി ആരംഭിച്ചിരുന്നു. പ്രിപെയ്ഡ് വാലറ്റിനെയും ബാങ്ക് അക്കൗണ്ടിനെയും ബന്ധിപ്പിക്കുന്ന പാലമാണ് പേയ്‌മെന്റ് ബാങ്ക്. ഒരു വ്യക്തിക്ക് 1 ലക്ഷം രൂപ വരെ മാത്രമേ പേയ്‌മെന്റ് ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളു. ഇതിന് ബാങ്ക് പലിശ നല്‍കും. 7.25 ശതമാനമാണ് എയര്‍ടെല്‍ നല്‍കുന്ന പലിശ.

Top