രാജ്യത്ത് നിലവിൽ വിപണിയിൽ ലഭ്യമായ കൂടുതൽ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോർട്ട്. പഴയ നൂറിന്റെയും പത്തിന്റെയും അഞ്ച് രൂപയുടെയും കറൻസി നോട്ടുകൾ പിൻവലിക്കാനാണ് ആലോചിക്കുന്നത്. മാർച്ച് – ഏപ്രിൽ മാസത്തോടെ നോട്ടുകൾ പൂർണമായും വിതരണത്തിൽ നിന്ന് പിൻവലിച്ചേക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇക്കാര്യത്തിൽ റിസർവ് ബാങ്കിൽ നിന്ന് യാതൊരു ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല. ജില്ലാ തല സെക്യൂരിറ്റി കമ്മിറ്റിയെയും ജില്ലാ തലത്തിലെ കറൻസി മാനേജ്മെന്റ് കമ്മിറ്റിയെയും അഭിസംബോധന ചെയ്ത് സംസാരിച്ച റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ബി മഹേഷിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ ദില്ലിയിൽ നിന്ന് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകളുടെ കറൻസികൾ ഇപ്പോൾ തന്നെ വിപണിയിലെത്തിയിട്ടുണ്ട്.