Reserve Bank of India to issue Rs 2,000 notes soon: Report

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് 2000 രൂപയുടെ കറന്‍സി നോട്ട് പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

കള്ളപ്പണത്തിന് തടയിടാന്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ചില കോണുകളില്‍ നിന്ന് ആവശ്യമുയരുന്നതിനിടെയാണ് 2000 രൂപാ നോട്ട് പുറത്തിറക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം.

നിലവില്‍ ഏറ്റവും മൂല്യമുള്ള ഒറ്റ നോട്ട് 1000 രൂപയുടേതാണ്. ഈ സ്ഥാനത്താണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കാനുള്ള തീരുമാനം.

ആദ്യ ബാച്ച് 2000 രൂപാ നോട്ടിന്റെ പ്രിന്റിങ് മൈസൂരുവിലെ കേന്ദ്രത്തില്‍ പൂര്‍ത്തിയായതായാണ് വിവരം.

ഇവ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യം പുറത്തുവിട്ട ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം, കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.റിസര്‍വ് ബാങ്കിന്റെ ഉപദേശമനുസരിച്ച് കേന്ദ്ര സര്‍ക്കാരാണ് കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്.

നോട്ടിന്റെ ഡിസൈന്‍ സംബന്ധിച്ചും, സുരക്ഷാകാര്യങ്ങളിലും സര്‍ക്കാരുമായി ചേര്‍ന്ന് തീരുമാനമെടുക്കുന്നതും റിസര്‍വ് ബാങ്കാണ്. ഏതൊക്കെ നോട്ടുകള്‍ വേണമെന്ന കാര്യത്തിലും തീരുമാനം റിസര്‍വ് ബാങ്കിന്റേതുതന്നെ.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ അച്ചടിച്ച മൂല്യം കൂടിയ കറന്‍സി 10,000 രൂപയുടേതാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് 1938ല്‍ 10,000ന്റെ നോട്ടുകള്‍ അച്ചടിച്ചെങ്കിലും 1946ല്‍ നിര്‍ത്തലാക്കി.

പിന്നീട് സ്വാതന്ത്ര്യം നേടിയശേഷം 1954ല്‍ 10,000 രൂപയുടെ നോട്ടുകള്‍ പുനരവതരിപ്പിച്ചു. എന്നാല്‍, 1978ല്‍ വീണ്ടും ഇത്തരം നോട്ടുകളുടെ അച്ചടി നിര്‍ത്തലാക്കി.

Top