ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ചൊവ്വാഴ്ച പാര്‍ലമന്റെറി പാനലിന് മുന്നില്‍ ഹാജരാകും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കം വിവിധ രാഷ്ട്രീയ സംഘടനകളുടെ അംഗങ്ങളടങ്ങിയ പാര്‍ലമന്റെ് ധനകാര്യ സ്റ്റാന്‍ഡിങ് സമിതിയുടെ അധ്യക്ഷന്‍ കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയാണ്. ഇവര്‍ക്ക് മുന്നിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഹാജരാവുക.
നോട്ട് പിന്‍വലിക്കലിനുശേഷം ബാങ്കുകളിലേക്ക് തിരിച്ചെത്തിയ പണം, പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ്, ബാങ്കുകളുടെ വര്‍ധിക്കുന്ന കിട്ടാക്കടം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമന്റെറി സമിതിയുടെ കടുത്ത ചോദ്യങ്ങള്‍ അദ്ദേഹം നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. പാര്‍ലമന്റെറി പാനലിന് മുമ്പാകെ അവസാനം പട്ടേല്‍ ഹാജരായപ്പോള്‍ വായ്പ ഘടന പുനഃക്രമീകരണ പദ്ധതികളെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു.
നോട്ട് പിന്‍വലിക്കലിനുശേഷം എത്ര പണം മടങ്ങിവന്നു എന്നകാര്യം റിസര്‍വ് ബാങ്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും ഈ വിവരങ്ങള്‍ സമിതി മുമ്പാകെ ഗവര്‍ണര്‍ നിര്‍ബന്ധമായും വെളിപ്പെടുത്തേണ്ടതുണ്ടെന്നും സമിതി അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് അംഗവുമായ ദിനേഷ് ത്രിവേദി പറഞ്ഞു.