മരിച്ചാല്‍ പോലും വെറുതെ വിടാതെ വേട്ടയാടുന്ന മനസ്സുകള്‍ തീര്‍ച്ചയായും ദുഷ്ട മനസ്സുകള്‍ തന്നെയാണ്. ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തകള്‍ക്കിടയില്‍ പ്രകോപനപരമായ കമന്റുകള്‍ ഇടുന്നവര്‍ യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹമാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആര്‍ക്കും ആരെയും വിമര്‍ശിക്കാം എന്ന സ്വാതന്ത്ര്യം ഇത്തരം പ്രവര്‍ത്തികള്‍ക്ക് കുട പിടിക്കുന്നതല്ല എന്നത് ഇക്കൂട്ടര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഇത്തരം തീവ്രവാദ മനോഭാവമുള്ളവരെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുക തന്നെ വേണം. ഇക്കാര്യത്തില്‍ പൊലീസും ശക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകണം.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ സൈനിക ഉദ്യോഗസ്ഥനാണ്. പാക്കിസ്ഥാനെ വിറപ്പിച്ച മിന്നല്‍ ആക്രമണം മുതല്‍ ചൈനയെ പിറകോട്ടടിപ്പിച്ച കരുനീക്കങ്ങള്‍ക്കു വരെ ചുക്കാന്‍ പിടിച്ച സൈനിക ജനറലാണ് അദ്ദേഹം. ജാതിക്കും മതത്തിനും, രാഷ്ട്രീയത്തിനും അതീതമായി പ്രവര്‍ത്തിക്കുന്നവരാണ് റാവത്തിനെ പോലെയുള്ള ഇന്ത്യയിലെ ഓരോ സൈനികനെന്നതും നാം മറന്നു പോകരുത്. നരേന്ദ്ര മോദിയെയും ഇന്ത്യന്‍ ഭരണകൂടത്തെയും കടന്നാക്രമിക്കുന്നതു പോലെ രാജ്യത്തെ സൈന്യത്തെ കടന്നാക്രമിക്കാന്‍ ശ്രമിച്ചാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതവും ഗുരുതരമായിരിക്കും.
സുപ്രീംകോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രന്റെ നിലപാടും ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. ഇന്ത്യയുടെ ഭരണഘടന സങ്കല്‍പ്പങ്ങള്‍ മറികടന്നു ബിപിന്‍ റാവത്ത് പ്രവര്‍ത്തിച്ചു എന്ന അവരുടെ ആരോപണം തന്നെ പ്രകോപനപരമാണ്. രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മരണം നടന്ന് 24 മണിക്കൂര്‍ തികയും മുന്‍പ് ഇത്തരമൊരു പ്രകോപനപരമായ പ്രതികരണം രശ്മിത നടത്തിയത് എന്തിനു വേണ്ടിയാണെന്നതും ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യമാണ്. ബിപിന്‍ റാവത്തിനെ വിമര്‍ശിക്കാന്‍ അക്കമിട്ട് രശ്മിത നിരത്തിയ വാദങ്ങളെല്ലാം തന്നെ ഏതെങ്കിലും ‘അജണ്ട’ യുടെ ഭാഗമാണെന്ന സംശയവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതി മാത്രമാണെന്ന ഭരണഘടനാ സങ്കല്‍പ്പം മറികടന്നാണ് റാവത്തിന്റെ നിയമനമെന്നാണ് രശ്മിതയുടെ പ്രധാന ആരോപണം. ഇതു തന്നെ തെറ്റാണ്.
ഇന്ത്യന്‍ സേനകളുടെ സര്‍വ്വ സൈന്യാധിപന്‍ ഇപ്പോഴും രാഷ്ട്രപതി തന്നെയാണ്. ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും കടുത്ത ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ സൈനിക നീക്കങ്ങള്‍ക്ക് വേഗത പകരാനാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവി സൃഷ്ടിച്ചിരിക്കുന്നത്. അതല്ലാതെ ബിപിന്‍ റാവത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട ഒന്നല്ല അത്… പാക്കിസ്ഥാനും ചൈനയും ആക്രമിക്കാന്‍ വന്നാല്‍ ഈ ആരോപണം ഉന്നയിക്കുന്ന രശ്മിതയുടെ പൊടിപോലും അപ്പോള്‍ കാണുകയില്ല. രശ്മിതയുള്‍പ്പെടെ സൈനിക ജനറലിനെതിരെ തിരിഞ്ഞ സകലയാളുകളും ഇന്നും മനസമാധാനത്തോടെ കിടന്നുറങ്ങുന്നത് സൈന്യം അതിര്‍ത്തിയില്‍ ഉറങ്ങാതെ നില്‍ക്കുന്നതുകൊണ്ടു മാത്രമാണ്. എസി റൂമില്‍ പുതച്ചു കിടക്കുന്ന വിമര്‍ശകര്‍ക്ക് കൊടും തണുപ്പിനോടും ചുട്ടുപൊള്ളുന്ന വെയിലിനോടും മരുഭൂമിയിലെ മണല്‍ കാറ്റിനോടുമെല്ലാം പൊരുതി നില്‍ക്കുന്ന സൈനികരുടെ കഷ്ടപ്പാടുകള്‍ അറിയുകയില്ല. അത്തരം അനുഭവങ്ങള്‍ ഏറെയുള്ള ഒരു സൈനികന്‍ കൂടിയാണ് ബിപിന്‍ റാവത്ത് എന്നതും വിമര്‍ശകര്‍ ഓര്‍ത്തു കൊള്ളണം.
മേജര്‍ ലീതുല്‍ ഗൊഗോയിക്ക് സൈനിക മേധാവിയുടെ കമന്‍ഡേഷന്‍ കാര്‍ഡ് ബിപിന്‍ റാവത്ത് സമ്മാനിച്ചതും രശ്മിതയെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. സൈന്യം ബഹുമതികള്‍ നല്‍കുന്നത് ഒരിക്കലും രശ്മിതമാരുടെ അനുമതി തേടിയല്ല. അതിനൊക്കെ സൈന്യത്തിനു സൈന്യത്തിന്റേതായ രീതികളുണ്ട്. ഒരു അഭിഭാഷകയായ രശ്മിതക്ക് ഇതൊന്നും അറിയില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനും പ്രയാസമാണ്. വികലാംഗ പെന്‍ഷനുമായി ബന്ധപ്പെട്ട ബിപിന്‍ റാവത്തിന്റെ നിലപാടാണ് മറ്റൊരു ആരോപണമായി രശ്മിത ഉന്നയിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചിലര്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതിലെ മുന്നറിയിപ്പാണ് സൈനിക ജനറല്‍ മുന്‍പ് നല്‍കിയിരുന്നത്. കോംപാറ്റ് റോളുകളില്‍ വനിതാ സൈനികരെ നിയമിച്ചാല്‍ പുരുഷന്‍മാര്‍ തുറിച്ചു നോക്കുന്നതിനെ കുറിച്ച് പരാതിപ്പെടാന്‍ ഇടയുണ്ടെന്ന് ബിപിന്‍ റാവത്ത് വിശ്വസിച്ചതായും രശ്മിത ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
പെണ്‍മക്കളുള്ള റാവത്തിനെ ഒരു സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാന്‍ ആരു ശ്രമിച്ചാലും അതു വിലപ്പോവുകയില്ല. മറ്റു ഏത് വിഭാഗത്തിലും ജോലി ചെയ്യുന്നതു പോലെയല്ല സ്ത്രീകള്‍ പട്ടാളത്തില്‍ ജോലി ചെയ്യുമ്പോള്‍ ഉണ്ടാവുക. അവിടെ വെല്ലുവിളികളും പരിമിതികളും ഏറെയുണ്ട്. ഇന്ത്യന്‍ സൈനികരെ തട്ടികൊണ്ടു പോയി ക്രൂരമായി കൊല ചെയ്ത സംഭവങ്ങളും ഈ ഘട്ടത്തില്‍ രശ്മിത ഓര്‍ക്കുന്നത് നല്ലതാണ്. ഒരു പട്ടാളക്കാരന് സാധിക്കുന്നതെന്തും ഒരു പട്ടാളക്കാരിക്ക് സാധിക്കും എന്നു കരുതുന്നതു തന്നെ മണ്ടത്തരമാണ്. പൊലീസ് സേനയെ പോലെയല്ല സൈന്യം അവരുടെ രീതിയും ഓപ്പറേഷനും തികച്ചും വ്യത്യസ്തമാണ്. അതും ഓര്‍ത്തു കൊള്ളണം.
സൈന്യത്തെ കല്ലെറിയുന്നവര്‍ക്കെതിരെ ശക്തമായ ആയുധം പ്രയോഗിക്കണമെന്ന് റാവത്ത് ആഗ്രഹിച്ചതായും രശ്മിത തന്റെ പ്രതികരണത്തില്‍ ആരോപിച്ചിട്ടുണ്ട്. സൈനികരും മനുഷ്യരാണ് എന്നതാണ് രശ്മിത ഇവിടെ മറന്നുപോയിരിക്കുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്കെതിരെയല്ല സൈന്യത്തെ കടന്നാക്രമിക്കുന്ന തീവ്ര മനസ്സുള്ള കലാപകാരികള്‍ക്ക് എതിരെയാണ് ബിപിന്‍ റാവത്ത് നിലപാട് സ്വീകരിച്ചിരിക്കുന്നത്.
പൗരത്വ നിയമ പ്രക്ഷോഭക്കാര്‍ക്കെതിരെ ബിപിന്‍ റാവത്ത് ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് രശ്മിത ചൂണ്ടിക്കാട്ടിയതും ബോധപൂര്‍വ്വമാണ്. ഈ പ്രക്ഷോഭങ്ങളില്‍ ഡല്‍ഹിയിലും കേരളത്തിലും പങ്കെടുത്ത അവര്‍ അത്തരം ആരോപണം ഉന്നയിച്ചില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടി വരിക. ഇവിടെ നാം ഓര്‍ക്കേണ്ട ഒരു കാര്യം ബിപിന്‍ റാവത്ത് എന്ന സൈനിക ജനറല്‍ ഒരു സിസ്റ്റത്തിന്റെ ഭാഗമാണ് എന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഒരു നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുമ്പോള്‍ സര്‍ക്കാറിനെതിരായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിനു ഒരിക്കലും കഴിയുകയില്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അതിനു കഴിയുകയില്ല. അവരില്‍ അര്‍പ്പിക്കപ്പെട്ട ചുമതലകളാണ് ഉദ്യോഗസ്ഥര്‍ നിറവേറ്റുന്നത്.
പൗരത്വ നിയമ ഭേദഗതിയുടെ മറപിടിച്ച് കശ്മീരില്‍ ഉള്‍പ്പെടെ തീവ്രവാദികള്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച ഘട്ടത്തിലാണ് ബിപിന്‍ റാവത്ത് പ്രതികരിച്ചിരുന്നത്. അതാകട്ടെ ഒരു സൈനിക ജനറലിന്റെ കടമയുമാണ്. ഈ കാരണം ചൂണ്ടിക്കാട്ടി ‘മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ല’ ന്നു പറയാന്‍ വികലമായ മനസ്സുകള്‍ക്കു മാത്രമേ കഴിയുകയൊള്ളൂ. രശ്മിത ഒരിക്കലും അത്തരം ഒരു പ്രതികരണം നടത്തരുതായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളും ഞെട്ടിക്കുന്നതാണ്. മലയാളികളുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തരത്തിലുള്ള കമന്റുകള്‍ വ്യാപകമായാണ് പ്രത്യക്ഷപ്പെടുന്നത്. മരണത്തില്‍ പോലും വര്‍ഗ്ഗീയത കടത്തിവിടാനുള്ള ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരിക തന്നെ വേണം. അതു തന്നെയാണ് ഈ നാടും ആഗ്രഹിക്കുന്നത്.
EXPRESS KERALA VIEW