‘ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ വരട്ടെ’; ജീവന് തന്നെ ഭീഷണി, പ്രതിഷേധവുമായി പരിസരവാസികള്‍

കൊച്ചി: സുപ്രീം കോടതി വന്നതിന് ശേഷം മരട് ഫ്‌ലാറ്റ് പൊളിക്കല്‍ നടപടികള്‍ തുടങ്ങിയെങ്കിലും വീണ്ടും പ്രതിസന്ധി നേരിടുന്നു. ഇപ്പോള്‍ പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

വിവാദത്തിലായ ഫ്‌ലാറ്റുകളിലൊന്നായ ആല്‍ഫ സെറിന്‍ ഫ്‌ളാറ്റിലെ ഇരുനില കെട്ടിടം പൊളിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീടിന് വിള്ളല്‍ വീണതായി പരിസരവാസികള്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെ നഗരസഭ ചെയര്‍പേഴ്‌സണ്‍ എത്തി പൊളിക്കല്‍ നിര്‍ത്തിവെപ്പിച്ചു. ആല്‍ഫ സെറിന്‍ ഇരട്ട കെട്ടിടത്തിന് സമീപത്തെ താമസക്കാരിയായ ഹര്‍ഷമ്മയുടെ വീട്ടിന് സമീപത്തേക്കാണ് ഫ്‌ളാറ്റുകളില്‍ നിന്നും ചുവരുകളുടെ അവശിഷ്ടം തെറിച്ചുവീണത്. കഴിഞ്ഞ ദിവസം ഇവരുടെ പേരക്കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഫ്‌ളാറ്റുകളില്‍ നിന്നും ചുവരുകളുടെ അവശിഷ്ടം മുറ്റത്തേക്ക് തെറിച്ചുവീണത്. ഇന്ന് രാവിലെ ഫ്‌ളാറ്റിലെ സ്വിമ്മിംഗ് പൂളിനോട് ചേര്‍ന്ന ഇരുനില കെട്ടിട്ടം നിലപതിച്ചപ്പോള്‍ വീടിനും വിള്ളല്‍ വീണെന്നാണ് പരാതി.

47 വീടുകളാണ് ഈ പരിസരത്ത് ആകെയുള്ളത്. ഇതില്‍ 13 വീടുകള്‍ 15 മീറ്റര്‍ ചുറ്റളവിലാണ്. ഈ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്‍പ് ഇന്‍ഷുറന്‍സ് സുരക്ഷയടക്കം ഉറപ്പാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായി. പക്ഷെ ഈ നടപടികളൊന്നും ഇതുവരെയായിട്ടില്ല. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ സ്ഥലം സന്ദര്‍ശിക്കാന്‍ നഗരസഭ ചെയര്‍പേഴ്‌സനടക്കമുള്ളവരെത്തി. തുടര്‍ന്നാണ് സ്വിമ്മിംഗ് പൂള്‍ കെട്ടിടം പൊളിക്കുന്നത് നിര്‍ത്തിവെച്ചത്. പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാതെ കെട്ടിടങ്ങള്‍ പൊളിക്കല്‍ തുടര്‍ന്നാല്‍ പ്രക്ഷോഭം തുടങ്ങുമെന്നാണ് പരിസരവാസികളുടെ മുന്നറിയിപ്പ്.

Top