കമ്മ്യൂണിസത്തിനെതിരായ സമസ്ത പ്രമേയം തന്റെ അറിവോടെയല്ല; ജിഫ്രി മുത്തുകോയ തങ്ങള്‍

മലപ്പുറം: കമ്മ്യൂണിസത്തിന് എതിരെ സമസ്ത അവതരിപ്പിച്ച പ്രമേയം തന്റെ അറിവോടെയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. പ്രമേയത്തോടൊപ്പം എന്റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമാണ്. ഇത്തരം വാര്‍ത്തകളില്‍ എന്റെ ഫോട്ടോ ചേര്‍ത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും ജിഫ്രി തങ്ങള്‍ വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ജില്ലാ സില്‍വര്‍ ജൂബിലി സമ്മേളനത്തിലായിരുന്നു സമസ്ത യുവജന സംഘം ജില്ലാ പ്രസിഡന്റ് സലീം എടക്കര പ്രമേയം അവതരിപ്പിച്ചത്. കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലീം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണം. സാധാരണക്കാരിലേക്ക് മത നിഷേധം കുടിയേറുന്ന പ്രവണത അപകടകരമാണ്. മതങ്ങളുടെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നവരെ അതാത് മതവിശ്വാസികള്‍ തിരിച്ചറിയണമെന്നും സമസ്ത പ്രമേയത്തില്‍ പറയുന്നു. സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

വിവാഹപ്രായം ഉയര്‍ത്തുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സമസ്ത ആവശ്യപ്പെട്ടു. സമുദായത്തിനുള്ളില്‍ ചിദ്രതയുണ്ടാക്കുന്നതിനെ കുറിച്ച് ജാഗ്രത പുലര്‍ത്തണം. വോട്ടവകാശമുള്ള പതിനെട്ട് വയസ്സ് പൂര്‍ത്തിയായിട്ടും ധാര്‍മികമായി ജീവിത പങ്കാളിയെ സ്വീകരിക്കാന്‍ പാടില്ലെന്ന പാര്‍ലമെന്റെ സെലക്ട് കമ്മിറ്റിക്ക് വിട്ട ബില്‍ പൗരാവകാശ ലംഘനമാണ്. ഉന്നത വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നേടേണ്ടവര്‍ക്ക് അതിനും വൈവാഹികജീവിതം താല്പര്യപ്പെടുന്നവര്‍ക്ക് അതിനും സാധിക്കുന്ന വിധം പെണ്‍കുട്ടികളുടെ വിവാഹപ്രായം നിലനിറുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

 

 

Top