കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ വനഭൂമി കയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ട് ഒഴിപ്പിച്ചു. പത്തേക്കറിലുള്ള ഹൈലൈഫ് എന്ന പേരിലുള്ള റിസോര്‍ട്ടാണ് ഒഴിപ്പിച്ചത്. താമരശ്ശേരി സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലായിരുന്നു റിസോര്‍ട്ട്.
റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് സ്വകാര്യ ഭൂമിയോട് ചേര്‍ന്നുള്ള പത്തേക്കറിലാണെന്ന് വനം വകുപ്പ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഭൂമി അളന്ന് തിട്ടപ്പെടുത്തിയതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമാവുകയും ചെയ്തു. ഇതോടെയാണ് നടപടികളിലേക്ക് കടന്നത്.
എന്നാല്‍ വനം വകുപ്പ് ഏറ്റെടുത്തിരിക്കുന്നത് റിസോര്‍ട്ടല്ലെന്നും ഒരു വീടാണെന്നുമാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. പിടിച്ചെടുത്ത സ്ഥലം നേരത്തെ കാര്‍ഷിക പട്ടയം ലഭിച്ചതാണെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.