വയനാട്ടില്‍ കൂട്ടത്തോടെ ക്വാറന്റൈനില്‍ കഴിയാന്‍ സഞ്ചാരികള്‍; വലഞ്ഞ് അധികൃതര്‍

വയനാട്: ക്വാറന്റൈനില്‍ കഴിയാന്‍ റിസോര്‍ട്ടുകള്‍ തേടി വയനാട്ടിലേക്ക് കൂട്ടത്തോടെ സഞ്ചാരികള്‍ എത്തുന്നു. ഏതായാലും നിരീക്ഷണത്തില്‍ എന്നാല്‍ പിന്നെ സുഖമായി താമസിക്കാം എന്ന് കരുതുന്നവരാണ് റിസോര്‍ട്ടുകള്‍ തേടി എത്തുന്നത്. ഇത്തരക്കാരുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അന്യജില്ലകളില്‍ നിന്ന് എത്തുന്നവരെ കണ്ടെത്താന്‍ ചുരത്തില്‍ പരിശോധന അടക്കം നടപടികള്‍ ശക്തമാക്കിയിരുന്നെങ്കിലും അത്രകണ്ട് ഫലം ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ക്വാറന്റൈനില്‍ കഴിയുന്നവരെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ച മേപ്പാടിയിലും അമ്പലവയലിലും ഉള്ള റിസോര്‍ട്ടുകള്‍ക്കെതിരെ ജില്ലാ ഭരണകൂടം കേസെടുത്തിട്ടുണ്ട്. വയനാട്ടുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമായി റിസോര്‍ട്ടില്‍ നിയന്ത്രണം ഇന്ന് മുതല്‍ ഏര്‍പ്പെടുത്തിയേക്കും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനം എടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു.

Top