ശ്രീഹരിക്കോട്ട: കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ വിദൂര നിയന്ത്രണ ഉപഗ്രഹം ‘റിസോഴ്‌സ് സാറ്റ് 2 എ’യെ ഐ.എസ്.ആര്‍.ഒ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു.
ബുധനാഴ്ച രാവിലെ 10.24 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പി.എസ്.എല്‍.വി സി 36 റോക്കറ്റിലായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് 18 മിനിട്ടു കൊണ്ട് ഉപഗ്രഹം 818 കിലോമീറ്റര്‍ അകലെയുള്ള പോളാര്‍ സണ്‍ സിംക്രണൈസ്ഡ് ഓര്‍ബിറ്റില്‍ എത്തി.
2003 ലെ റിസോഴ് സാറ്റ് 1 നും 2011 ലെ റിസോഴ്‌സ് സാറ്റ് 2 നും പിന്നാലെ അയയ്ക്കുന്ന റിസോഴ്‌സ് സാറ്റ് 2 എ യില്‍ രണ്ട് സ്‌കാനറുകളും ഒരു കാമറയുമാണുള്ളത്. അഞ്ചു വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.
1235 കിലോഗ്രാം ഭാരമാണുള്ളത്. അത്യാധുനിക സംവിധാനങ്ങളാണ് റിസോഴ്‌സ് സാറ്റ്-2എയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഹൈ റെസല്യൂഷന്‍ ലീനിയര്‍ ഇമേംജിംഗ് സെല്‍ഫ് സ്‌കാനര്‍ ക്യാമറ, മീഡിയം റെസല്യൂഷന്‍ എല്‍.ഐ.എസ്.എസ് 3 ക്യാമറ, ഫീല്‍ഡ് സെന്‍സര്‍ ക്യാമറകള്‍ എന്നിവ റിസോഴ്‌സ് സാറ്റ് 2എ ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ക്യാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങളും വിഡിയോകളും സൂക്ഷിക്കാന്‍ 200 ജിബി സ്‌റ്റോറേജുമുണ്ട്.
1994 മുതല്‍ 2016വരെ നീണ്ട 18 വര്‍ഷ കാലയളവിനിടെ പി.എസ്.എല്‍.വി ഭ്രമണപഥത്തില്‍ വിജയകരമായി 36 വിക്ഷേപണങ്ങളാണ് നടത്തിയത്. 79 വിദേശ ഉപഗ്രഹങ്ങളടക്കം 121 സാറ്റ്‌ലൈറ്റുകളെ ഈ റോക്കറ്റ് ബഹിരാകാശത്ത് പ്രതിഷ്ഠിച്ചു.