ഡല്‍ഹി അഞ്ച് ഡിഗ്രിയിലേക്ക്; തലസ്ഥാനത്തെ ജനങ്ങളെ രോഗങ്ങള്‍ പിടിമുറുക്കുന്നു

ഡല്‍ഹി: കനത്ത ശൈത്യവും അന്തരീക്ഷ മലീനികരണവും മൂലം വലയുകയാണ് തലസ്ഥാനത്തെ ജനങ്ങള്‍. ഡല്‍ഹിയിലെ ഇപ്പോഴത്തെ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറഞ്ഞിരിക്കുകയാണ്. ഇതോടെ തലസ്ഥാനത്തെ ജനങ്ങള്‍ പലവിധ അസുഖങ്ങളുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. മിക്കവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍,അലര്‍ജി തുടങ്ങിയ അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുകയാണ്.

ചികിത്സ തേടി ആശുപത്രികളിലെത്തിയ 30 ശതമാനത്തോളം പേര്‍ക്കും ശ്വാസമെടുക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ബുദ്ധിമുട്ടിലായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൂടതല്‍ പേര്‍ക്കും ആസ്മ, ക്രോണിക് ബ്രോങ്കൈറ്റിസ് തുടങ്ങിയ അസുഖങ്ങളാണ് കാണപ്പെടുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദീപാവലിക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രികളില്‍ എത്തിയത് ഇന്നലെയാണെന്നും മൂല്‍ചന്ദ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ഡോ.ശ്രീകാന്ത് പറഞ്ഞു.

അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന നൈട്രജന്‍ സള്‍ഫര്‍, നൈട്രജന്‍ ഓക്‌സൈഡ് തുടങ്ങിയ പദാര്‍ഥങ്ങളാണ് അസുഖത്തിന് പ്രധാന കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരം പദാര്‍ഥങ്ങള്‍ ചുമ, കഫക്കെട്ട്, ഉല്‍കണ്ഠ, ക്ഷീണം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹ രോഗങ്ങള്‍, ഹൃദയ സംബന്ധരോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഡോക്ടര്‍ പറയുന്നു.

സാധാരണ ഒരു മനുഷ്യന് ഒരു മിനുട്ടില്‍ 15 തവണയും, ഒരു മണിക്കൂറില്‍ 900 തവണയും ശ്വാസോച്ഛാസം ചെയ്യും. എന്നാല്‍ ഒരു തവണപോലും ശ്വസമെടുക്കാന്‍ ബുദ്ധിമുട്ടുകയാണ് ഇവര്‍. പ്രതിരോധ ശേഷി കുറയുന്നതോടെ അണുബാധ കൂടാന്‍ കാരണമാകുമെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. ചില സമയങ്ങളില്‍ അസുഖങ്ങള്‍ മരുന്നിനോട് പ്രതികരിക്കാതെ നീണ്ടു നില്‍ക്കുകയാണ്. ഇത് വളരെ അപകത്തിലേക്കാണ് പോകുന്നതെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. യാത്ര ചെയ്യുന്നവര്‍ വാഹനങ്ങളുടെ വിന്‍ഡോ ക്ലോസ് ചെയ്യുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. അന്തരീക്ഷത്തില്‍ മലിനീകരണത്തിന്റെ തോത് വര്‍ധിക്കുന്നതോടെ കാന്‍സര്‍, ഹൃദയം, ശ്വാസകോശം സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Top