തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നിലവാരമനുസരിച്ച് റാങ്കിങ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പാരിസ്ഥിതികം, സാമ്പത്തികം, സാമൂഹികം, ശുചിത്വം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാണ് റാങ്കിങ് കൊണ്ടുവന്നിരിക്കുന്നത്. സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട്, ഗ്രീന്‍ എന്നിങ്ങനെയാണ് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പദവികള്‍ നല്‍കുക. ഹോട്ടലുകളും റിസോര്‍ട്ടുകളുടെയും പ്രവര്‍ത്തനത്തില്‍ എത്രത്തോളം പ്രാദേശിക പങ്കാളിത്തമുണ്ട്, നാടന്‍ വിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടോ തുടങ്ങി ആയിരത്തോളം വിവരങ്ങള്‍ ശേഖരിച്ച ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആ സ്ഥാപനത്തെ ക്ലാസിഫൈ ചെയ്യും.
കേരളാ ടൂറിസത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും വെബ്‌സൈറ്റില്‍ ക്ലാസിഫിക്കേഷന്‍ നല്‍കിയ സ്ഥാപനങ്ങള്‍ ലഭ്യമാകും. പാരിസ്ഥിതിക മേഖലയില്‍ 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഗ്രീന്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കും. 1000 പോയിന്റുകളാണ് ആകെയുള്ളത് ഉള്ളത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള 80 ശതമാനം മാനദണ്ഡങ്ങളും പാലിച്ചാല്‍ മാത്രമേ ഗ്രീന്‍ സ്റ്റാറ്റസ് കിട്ടു.
പാരിസ്ഥിക ഉത്തരവാദിത്തങ്ങള്‍ കൂടി നിറവേറ്റാന്‍ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും നിര്‍ബന്ധിതരാക്കുന്ന നടപടിയാണിത്. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ മികച്ച രീതിയില്‍ പാലിക്കുന്ന ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റു മുഖേനെ ഇവര്‍ക്ക് പ്രാധാന്യം നല്‍കും. പ്രത്യേക സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഉത്തരവാദിത്ത ടൂറിസത്തിന്റെ ഈ പദ്ധതി നടപ്പിലാക്കും.
കേരളത്തിലെത്തുന്ന ഒരു വിദേശ ടൂറിസ്റ്റിന് ഗ്രാമീണ ടൂറിസത്തെ അനുഭവിച്ചറിയാന്‍ എവിടെ പോകണം, ഏതൊക്കെ റിസോര്‍ട്ടില്‍ നിന്നാണ് അത് സാധ്യമാവുക, ഏത് ഹോട്ടലിലാണ് നാടന്‍ വിഭവങ്ങളുടെ രുചിയറിയാന്‍ സാധിക്കുക എന്നിങ്ങനെ എല്ലാം ഇനി അറിയാന്‍ സാധിക്കും. കൂടാതെ നിലവില്‍ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള ഹോംസ്റ്റേ, ഹൗസ് ബോട്ട്, ആയുര്‍വേദ ടൂറിസം എന്നിവയും ഇനിമുതല്‍ ഈ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അറിയാന്‍ സാധിക്കും.
പ്രാദേശികമായി ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ ജനതയ്ക്ക് അവ മൂലം വരുമാനം ലഭിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കൂടി കണക്കുകൂട്ടിയാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഇതിനൊപ്പം അപേക്ഷകള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരികയും ചെയ്യും.
കാരവാന്‍ ടൂറിസം, ഫുഡ് ഓണ്‍ വീല്‍സ് പദ്ധതികള്‍ കൂടുതല്‍ വ്യാപകമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 14 ജില്ലകളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വൈക്കം മാതൃകയില്‍ ഫുഡ് ഓണ്‍ വീല്‍സ് പദ്ധതി കൊണ്ടുവരും. പ്രാദേശിക രുചി വൈവിധ്യങ്ങളാകും ഇവിടെ ലഭ്യമാവുകയെന്ന് മന്ത്രി വ്യക്തമാക്കി.