ന്യൂഡല്‍ഹി: റസ്റ്റോറന്റുകളില്‍ ഉപഭോക്താക്കളില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അധികം പണം (ടിപ്പ്) നല്‍കണമോയെന്ന് ഉപഭോക്താക്കള്‍ക്കു തീരുമാനിക്കാം. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കി.
റസ്റ്റോറന്റുകളിലെ സര്‍വീസ് ചാര്‍ജ് നിര്‍ബന്ധിതമല്ലെന്നും താല്‍പര്യമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്നും കേന്ദ്രമന്ത്രി റാംവിലാസ് പസ്വാന്‍ പറഞ്ഞു. എത്ര രൂപയാണ് സര്‍വീസ് ചാര്‍ജായി നല്‍കേണ്ടതെന്ന് ഹോട്ടലുകള്‍ക്കോ റസ്റ്റോറന്റുകള്‍ക്കോ തീരുമാനിക്കാനാകില്ലെന്നും അത് ഉപഭോക്താവിന്റെ ഇഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റസ്റ്റോറന്റുകള്‍ക്ക് അഞ്ചുമാസത്തിനിടെ നല്‍കുന്ന രണ്ടാമത്തെ നിര്‍ദേശമാണിത്. ഭക്ഷണ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടുത്തെരുതെന്ന് നേരത്തെയും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ഉത്തരവിറക്കിയത്.
ഉപഭോക്താക്കള്‍ താല്‍പര്യമുണ്ടെങ്കില്‍ മാത്രം സര്‍വീസ് ചാര്‍ജ് നല്‍കിയാല്‍ മതിയെന്നു വ്യക്തമാക്കി ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ബോര്‍ഡ് സ്ഥാപിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ജീവനക്കാരിലേക്ക് എത്തുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.