സമാധാനം പുനഃസ്ഥാപിച്ച് ഫലസ്തീന് അര്‍ഹതപ്പെട്ട രാജ്യം നല്‍കണം; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഹമാസ് – ഇസ്രയേല്‍ യുദ്ധത്തില്‍ സിപിഐഎമ്മിന്റെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നിലപാട് വിശദീകരിച്ചാണ് ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടത്. സംസ്ഥാന നേതാക്കള്‍ വ്യത്യസ്ത നിലപാട് പറഞ്ഞ സാഹചര്യത്തിലാണ് നേതൃത്വം വിശദീകരണത്തിന് നിര്‍ബന്ധിതമായത്. ഗാസയുടെ അവസ്ഥ ദയനീയമെന്ന് എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

സമാധാനം പുനഃസ്ഥാപിച്ച് ഫലസ്തീന് അര്‍ഹതപ്പെട്ട രാജ്യം നല്‍കണം. ഇതുവരെ പരിഹരിക്കപ്പെടാത്ത വിഷയമാണ് ഫലസ്തീന്‍. 2008 മുതല്‍ ഇതുവരെ 6800ല്‍ പരം ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് ഭാഗത്ത് നിന്നും കുരുതി ഉണ്ടാകുന്നുവെന്നും അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനപരമായ അന്തരീക്ഷമുണ്ടാക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഹമാസ് നടത്തിയ അക്രമണം പ്രശ്‌നം പരിഹരിക്കാന്‍ പര്യാപ്തമല്ല. ഹമാസിനെ ഗാസയില്‍ കൊണ്ട് വന്നത് സാമ്രാജ്യത്വമാണ് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഏരിയാ തലത്തില്‍ സിപിഐഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ഒക്ടോബര്‍ 20 വരെയുള്ള തീയതികളിലാണ് പരിപാടി. യു എന്‍ കരാര്‍ നടപ്പാക്കുക, സമാധാനം പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജനകീയ കൂട്ടായ്മയെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു.

Top