ഇംഫാല്‍: മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ എംപിമാര്‍. രാജ്ഭവനിലെത്തിയ സംഘം മണിപ്പൂര്‍ ഗവര്‍ണര്‍ അനുസുയ യുക്കിയുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു. പ്രതിനിധി സംഘം ഉച്ചക്കുശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.
ഇന്നലെ മണിപ്പൂരിലെത്തിയ ഇന്‍ഡ്യ സംഘം ചുരാചന്ദ്പൂര്‍, ഇംഫാല്‍, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലെ കുക്കി, മെയ്‌തെയ് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണം, കുക്കി – മെയ്‌തെയ് വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തി ചര്‍ച്ച നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഇന്‍ഡ്യ എംപിമാരുടെ സംഘം മുന്നോട്ടുവെച്ചു.
മണിപ്പൂരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചതായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. 16 പ്രതിപക്ഷ പാര്‍ട്ടികളുടെ 21 പ്രതിനിധികളാണ് മണിപ്പൂര്‍ സന്ദര്‍ശിച്ചത്. മടങ്ങിയെത്തുന്ന എംപിമാര്‍ വിശദമായ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറും.