തിരുവനന്തപുരം: എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ച് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ആരോഗ്യ സര്‍വ്വകലാശാല. സര്‍വകലാശാലയ്ക്ക് കീഴിലുള്ള ആറ് മെഡിക്കല്‍ കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
വിദ്യാര്‍ഥികള്‍ക്ക് സമയം അറിയാന്‍ എല്ലാ പരീക്ഷാ ഹാളിലും ക്‌ളോക്കുകള്‍ സ്ഥാപിക്കാന്‍ സര്‍വ്വകലാശാല നിര്‍ദ്ദേശം നല്‍കി.
സാധാരണ ബോള്‍ പോയിന്റ് പേന ഉപയോഗിച്ച് മാത്രമേ ഇനി വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളു. വലുപ്പമുള്ള മാല, വള, മോതിരം തുടങ്ങിയ അഭരണങ്ങള്‍ ധരിച്ച് പരീക്ഷ ഹാളുകളില്‍ എത്തരുതെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന വെള്ളക്കുപ്പി അനുവദിക്കേണ്ടെന്നും തീരുമാനമുണ്ട്.
ആലപ്പുഴയിലെയും എറണാകുളത്തെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എസ്.യു.ടി, അസീസിയ, എം.ഇ.എസ്, എസ്.ആര്‍ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലുമാണ് കോപ്പിയടി കണ്ടെത്തിയത്. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ കോപ്പിയടിയും പരീക്ഷാ ക്രമക്കേടും തടയാന്‍ സഹായിക്കുമെന്നാണ് സര്‍വ്വകലാശാല കണക്കുകൂട്ടുന്നത്.