കനത്ത മഴ; കോട്ടയം ജില്ലയിൽ നിയന്ത്രിത അവധി പ്രഖ്യാപിച്ചു

കോട്ടയം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ് എൽ പി സ്കൂൾ കരുനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ് മേരിസ് എൽ പി സ്കൂൾ, തിരുവാർപ്പ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ എന്നീ സ്കൂളുകൾക്കും ബുധനാഴ്ച (2023 ഒക്ടോബർ 4) അവധി പ്രഖ്യാപിച്ച് ഉത്തരവായി.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

കനത്ത മഴയെ തുടരുന്നതിനാല്‍ പിഎസ് സി പരീക്ഷകൾ മാറ്റി. തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട ജെയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസണ് ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം, തലസ്ഥാന ജില്ലയിൽ പെരുമഴ തുടരുകയാണ്. ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്തമഴ പലയിടങ്ങളിലും തുടരുകയാണ്.

നഗര മേഖലയിലും മലയോര മേഖലയിലുമടക്കം ഇടവിട്ട് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലടക്കം പലയിടത്തും വെള്ളംകയറിയിട്ടുണ്ട്. തമ്പാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് മുന്നിൽ വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. അതേസമയം തലസ്ഥാന ജില്ലയിൽ ഇന്ന് പെരുമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. നിലവിൽ തിരുവനന്തപുരത്ത് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top