എസ്എംഎസുകൾക്ക് നിയന്ത്രണം: ഓൺലൈൻ ഇടപാടുകളെ ബാധിച്ചു

മുംബൈ: വാണിജ്യാവശ്യം മുൻനിർത്തിയുള്ള എസ്എംഎസുകൾക്ക് ട്രായ് നിർദേശപ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയത് രാജ്യവ്യാപകമായി ഓൺലൈൻ ഇടപാടുകളെ ബാധിച്ചു. ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമിൽ ഐ.ഡി.യും കണ്ടന്റും രജിസ്റ്റർചെയ്യാത്ത സ്ഥാപനങ്ങളുടെ എസ്എംഎസുകളെല്ലാം പുതിയ സംവിധാനം തടഞ്ഞതോടെ ഓൺലൈൻ ഇടപാടിനായുള്ള ഒ.ടി.പി. പലർക്കും ലഭിക്കാതായി.

ഇതോടെ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ്, ഇ-കൊമേഴ്സ് സേവനങ്ങൾ, കോവിൻ വാക്സിൻ രജിസ്ട്രേഷൻ, യു.പി.ഐ. ഇടപാടുകൾ എന്നിവയെല്ലാം തിങ്കളാഴ്ച വ്യാപകമായി തടസ്സപ്പെടുകയായിരുന്നു.

വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകളുടെ ഉള്ളടക്കവും ഐ.ഡി.യും ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ രജിസ്ട്രിയിൽ മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്നതാണ് ഇതിലെ പ്രധാന നിർദേശം. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് ഇതുനടപ്പാക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മരവിപ്പിച്ചു.

Top