ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്റെ കരട് പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം നിയന്ത്രണം വരും. ഒപ്പം റേഷന്‍ കാര്‍ഡില്‍ പരമാവധി നാല് യൂണിറ്റ് മാത്രമേ അനുവദിക്കൂ. രണ്ടില്‍ ഏറെ കുട്ടികള്‍ ഉള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ, സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കാനോ സാധിക്കില്ല.
അതേസമയം രണ്ട് കുട്ടികള്‍ മാത്രം ഉള്ളവര്‍ ഇന്‍സെന്റീവുകള്‍ക്ക് അര്‍ഹരാകും. ഇത്തരക്കാര്‍ക്ക് അവരുടെ സര്‍വീസിനിടെ രണ്ട് അധിക ശമ്പള വര്‍ദ്ധനവിന് അര്‍ഹതയുണ്ടാകും. വീട് വാങ്ങുന്നതിന് ഇത്തരക്കാര്‍ സബ്‌സിഡി ലഭിക്കും. ഇപിഎഫ് പെന്‍ഷന്‍ സ്‌കീമില്‍ ഇത്തരക്കാര്‍ക്ക് യൂട്ടിലിറ്റി ചാര്‍ജില്‍ 3 ശതമാനം റിബേറ്റ് ലഭിക്കും.
എന്നാല്‍ ഒരു കുട്ടി മാത്രം ഉള്ളവരാണെങ്കില്‍ ആനുകൂല്യങ്ങള്‍ വീണ്ടും വര്‍ദ്ധിക്കും. ഇത്തരക്കാര്‍ക്ക് നാല് അധിക ശമ്പള വര്‍ദ്ധനവ് സര്‍വീസ് കാലത്ത് ലഭിക്കും. സൗജന്യ ആരോഗ്യ പരിരക്ഷ 20 വയസു വരെ കുട്ടിക്ക് ലഭിക്കും. സ്‌കൂള്‍ അഡ്മിഷന് കുട്ടിക്ക് മുന്‍തൂക്കം ലഭിക്കും. ബിരുദ തലം വരെ കുട്ടിയുടെ പഠന ചിലവ് സൗജന്യമായിരിക്കും.
സംസ്ഥാന നിയമ കമ്മീഷന്റെ വെബ് സൈറ്റില്‍ ഇപ്പോള്‍ നിയമത്തിന്റെ കരട് ലഭ്യമാക്കിയിട്ടുണ്ട്. പൊതുജന അഭിപ്രായത്തിനായി ജൂലൈ 19,2021 വരെ ഇത് ലഭ്യമാകും. അതേസമയം മതപരമായ കാരണങ്ങളാലും, വ്യക്തിനിയമത്തിന്റെ ആനുകൂല്യത്തിലും ഒന്നിലധികം വിവാഹത്തിന് അനുവാദം ഉള്ളവര്‍ ഉണ്ടാകും. അവര്‍ ഒന്നിലേറെ വിവാഹബന്ധത്തില്‍ ഉണ്ടാകും. ഇങ്ങനെ രണ്ട് ബന്ധത്തില്‍ ഉണ്ടെങ്കിലും ഭാര്യയായാലും ഭര്‍ത്താവ് ആയാലും ഈ നിയമപ്രകാരം ഒരു വ്യക്തിയായാണ് നിയമം പരിഗണിക്കുക എന്ന് കരട് പറയുന്നു.
അതേസമയം ആനുകൂല്യങ്ങള്‍ കൈപറ്റിയ ശേഷം നിയമം തെറ്റിച്ച് രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടായാല്‍ അയാളില്‍ നിന്നും കൈപറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും നിയമത്തില്‍ പറയുന്നുണ്ട്. നിയമത്തിന്റെ കരടില്‍ വരുന്ന നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ത്ത് ഓഗസ്റ്റോടെ നിയമം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് ഉത്തര്‍പ്രദേശ് നിയമ കമ്മീഷന്‍ അദ്ധ്യക്ഷന്‍ എഎന്‍ മിത്തല്‍ അറിയിക്കുന്നത്.