ന്യൂഡല്‍ഹി: കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ റാലികള്‍ക്കും റോഡ് ഷോകള്‍ക്കുള്ള നിയന്ത്രണം തുടരണോ എന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനം എടുക്കും. നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.
കേന്ദ്ര ആരോഗ്യസെക്രട്ടറിയും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ഇന്ന് നടത്തുന്ന ചര്‍ച്ചക്ക് ശേഷമാകും തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
അതേ സമയം സ്ഥാനാര്‍ത്ഥിപ്രഖ്യാപനങ്ങളും പ്രചാരണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് പോകുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് യുപിയിലെ കെയ്രാനയില്‍ വീടുകയറി പ്രചാരണം നടത്തും. ഷാമിലിലും ഭാഗ്പത്തിലും പാര്‍ട്ടി പ്രവര്‍ത്തകരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഇന്നലെ യുപിയിലെ മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുകയാണ്. ഉത്തരാഖണ്ഡിലെ സമ്പൂര്‍ണ്ണ പട്ടികയും പഞ്ചാബിലെ രണ്ടാം ഘട്ട പട്ടികയുമാണ് പ്രഖ്യാപിക്കാനുള്ളത്. ഇന്നലെ രാത്രിയോടെയാണ് ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചത്. എഴുപത് സീറ്റില്‍ മൂന്നെണ്ണത്തില്‍ ഒഴികെ ധാരണയായെന്നാണ് വിവരം. അതെ സമയം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ പ്രതിഷേധം ഉയര്‍ത്തിയ നേതാക്കളെ അനുനയ്പ്പിക്കാന്‍ ഉത്തരാഖണ്ഡിലെ ബിജെപി നേതൃത്വം ശ്രമം തുടങ്ങി.