തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം വര്‍ദ്ധിച്ചേക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി. രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 45 വയസിന് മുകളിലുളളവര്‍ വാക്സിന്‍ സ്വീകരിച്ചാല്‍ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും ചീഫ് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു.
കൊവിഡ് ശക്തമാകുന്ന പ്രദേശങ്ങളില്‍ 45 വയസ് കഴിഞ്ഞ എല്ലാവരും വാക്സിന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൊവിഡ് രണ്ടാം തരംഗം ഉണ്ടാകാതിരിക്കാന്‍ വാക്സിനേഷനും ടെസ്റ്റിംഗും നടത്തുന്നതിനുളള ഡൈനാമിക് ആയ പ്രവര്‍ത്തനമാണ് വേണ്ടത്. ആര്‍ ടി പി സി ആര്‍ ടെസ്റ്റിംഗ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.