കൊച്ചി: ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. ജനജീവിതം ഉടനെ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രചരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു കോവിഡ് പ്രതിരോധ നിബന്ധനകള്‍ പാലിച്ചു കൊണ്ട് മാത്രമേ ഇളവുകള്‍ നല്‍കു. ഈ മാസം 24 നു ശേഷം മാത്രമെ ഇളുകള്‍ നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. അന്തര്‍ജില്ലാ യാത്രകള്‍ക്കും പൊതുഗതാഗത സംവിധാനത്തിനും ജില്ലയില്‍ നിയന്ത്രണം ഉണ്ടാകും.
24ന് ശേഷം അടിയന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കാലവര്‍ഷം വരുന്നതിനു മുമ്പുള്ള നിര്‍മാണങ്ങള്‍, കാനകളുടെ നീരൊഴുക്ക് തടസപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍,ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വൈദ്യതിബോര്‍ഡ്,വാട്ടര്‍ അതോരിറ്റി,ഇറിഗേഷന്‍ ഡിപാര്‍ട്മെന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ എന്നിവയക്കായിരിക്കും ഇളവുകള്‍ നല്‍കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ തരത്തിലുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണ പ്രവര്‍ത്തനം നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ജില്ലയില്‍ മട്ടാഞ്ചേരിയിലെ ചുള്ളിക്കല്‍ പ്രദേശമാണ് ആരോഗ്യ വകുപ്പ് ഹോട്‌സ്‌പോട്ട് ആയി കണ്ടെത്തിയിട്ടുള്ളത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും ഇവിടെ കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം മാത്രമേ ഇളവുകള്‍ അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
ഒരു ഘട്ടത്തില്‍ 18707 പേര്‍ ജില്ലയില്‍ കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 378 പേര്‍ മാത്രമാണുള്ളത്.
സ്വദേശികളും വിദേശികളുമടക്കം 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്ന എറണാകുളം ജില്ലയില്‍ ഇപ്പോള്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗമുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ടെലി മെഡിസിന്‍ സംവിധാനവും ഗുരുതര രോഗമുള്ളവരെ വീടുകളില്‍ സന്ദര്‍ശിക്കാന്‍ ഉള്ള സംവിധാനവും ജില്ലയില്‍ ക്രമീകരിച്ചിട്ടുണ്ട്. 120 വാഹനങ്ങളും അതിനായി ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.