തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാറായിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്താകെ മെയ് 31 മുതല്‍ ജൂണ്‍ ഒന്‍പത് വരെ ലോക്ക്ഡൗണ്‍ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അത്യാവശ്യ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഈ ഘട്ടത്തില്‍ ഇളവുകള്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു . എല്ലാ വ്യവസായ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും ജീവനക്കാരുടെ എണ്ണം 50 ശതമാനത്തില്‍ കൂടരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് അണുവിമുക്തമാക്കിയിരിക്കണം. വ്യവസായ ശാലകള്‍ കൂടുതലുള്ള ഇടങ്ങളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും. അഡൈ്വസ് മെമ്മോ കിട്ടിയവര്‍ക്ക് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവിടെ ജോയിന്‍ ചെയ്യാം. ജോയിന്‍ ചെയ്യാന്‍ ഓഫീസ് പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ സമയം നീട്ടി നല്‍കുമെന്നും അറിയിച്ചു.
വാക്‌സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി രൂപീകരിക്കും. ഇന്നലെ നടന്ന വെബിനാറില്‍ കേരളത്തില്‍ വാക്‌സിന്‍ നിര്‍മിക്കാനുള്ള സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു . കിട്ടിയാല്‍ വാക്‌സിനേഷന്‍ നടപടി ഊര്‍ജ്ജിതമാക്കും. ജൂണ്‍ 15 നകം കൈയ്യിലുള്ള പരമാവധി വാക്‌സിന്‍ നല്‍കിത്തീര്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.