ലോസാഞ്ചലസ്: ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് മികച്ച സൗണ്ട് എഡിറ്റിങ്ങിനുള്ള ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം.
ഇന്ത്യാസ് ഡോട്ടര്‍ (ഡോക്യുമെന്ററി), അണ്‍ ഫ്രീഡം (സിനിമ) എന്നിവയിലെ സൗണ്ട് എഡിറ്റിങ്ങിലാണ് പൂക്കുട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. 63മത് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന്റെ ബെസ്റ്റ് മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റിങ് വിഭാഗത്തിലാണിത്.
പുരസ്‌കാര നേട്ടം നിര്‍ഭയയുടെ ആത്മാവിന് സമര്‍പ്പിക്കുന്നതായി റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ യുവജനങ്ങള്‍ക്ക് ആവേശം നല്‍കുന്ന നേട്ടമാണിതെന്നും പൂക്കുട്ടി പറഞ്ഞു. ലോസാഞ്ചലസിലെ വെസ്റ്റിന്‍ ബൊനാവെന്‍ച്യുര്‍ ഹോട്ടലിലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്.
2012 ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് ‘ഇന്ത്യാസ് ഡോട്ടര്‍’. ബി.ബി.സിക്കായി ലെസ്‌ലി ഉഡ് വിനാണ് സംവിധാനം നിര്‍വഹിച്ചത്. വിദേശ സിനിമ വിഭാഗത്തിലാണ് രാജ് അമിത് കുമാര്‍ സംവിധാനം ചെയ്ത സ്വവര്‍ഗരതി പ്രമേയമായ ‘അണ്‍ ഫ്രീഡം’ നേട്ടം കൈവരിച്ചത്. ഇന്ത്യാസ് ഡോട്ടറിനും അണ്‍ ഫ്രീഡത്തിനും ഇന്ത്യയില്‍ പ്രദര്‍ശന വിലക്കുണ്ട്.
സൗണ്ട് എഡിറ്റിങ് രംഗത്ത് രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് റസൂല്‍ പൂക്കുട്ടി. 1953ല്‍ സ്ഥാപിച്ച മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സാണ് പുരസ്‌കാരം നല്‍കുന്നത്. 2009ല്‍ സ്ലംഡോഗ് മില്യനെയര്‍ എന്ന ചിത്രത്തിലെ സൗണ്ട് എഡിറ്റിങ്ങിന് റസൂല്‍ പൂക്കുട്ടിക്ക് ഓസ്‌കര്‍ പുരസ്‌കാരവും ബഫ്റ്റ പുരസ്‌കാരവും ലഭിച്ചിരുന്നു.