മുംബൈ: മുംബൈയില്‍ 55 ദിനങ്ങളിലേറെയായി തുടരുന്ന ലോക്ഡൗണില്‍ വലിയ പ്രതിസന്ധി നേരിടുന്നത് ചെറുകിട വ്യാപാരികളാണ്. മുംബൈയില്‍ ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയ രൂക്ഷമായ കൊവിഡ് വ്യാപനം ഇപ്പോള്‍ വളരെ കുറവാണ്. പ്രതിദിനമുള്ള കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ജൂണ്‍ മുതല്‍ കടകള്‍ വീണ്ടും തുറക്കാന്‍ അനുവദിക്കണമെന്നാണ് റീട്ടെയില്‍ ഷോപ്പ് ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഓരോ ഘട്ടങ്ങളായി കടകള്‍ വീണ്ടും തുറക്കാന്‍ അനുവദിക്കണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിനോട് വ്യാപരികള്‍ അഭ്യര്‍ത്ഥിക്കുന്നത്. ‘ഞങ്ങളുടെ വരുമാനവും നിരവധി പേരുടെ ജോലിയും നഷ്ടപ്പെട്ടു. മഹാരാഷ്ട്രയില്‍ ഉടനീളമുള്ള ചെറുകിട വ്യാപാരികളുടെ കച്ചവട സ്ഥാപനങ്ങള്‍ ജൂണില്‍ പുനരാരംഭിക്കാന്‍ അനുവദിക്കുമെന്ന ഏക പ്രതീക്ഷയിലാണ് ‘ ഫെഡറേഷന്‍ ഓഫ് റീട്ടെയില്‍ ട്രേഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് വീരന്‍ ഷാ പറഞ്ഞു. തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ശരിയായ മുന്‍കരുതലും സുരക്ഷയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.