കേന്ദ്ര സര്‍വീസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60-ല്‍ നിന്ന് 65 ആക്കി കേന്ദ്രമന്ത്രിസഭ ഉയര്‍ത്തി.

ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവു കണക്കിലെടുത്ത് നിശ്ചയിച്ച പുതിയ തീരുമാനം 1445 ഡോക്ടര്‍മാര്‍ക്ക് ഗുണകരമാകും.

പുതിയ തീരുമാനത്തിലൂടെ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പറഞ്ഞു.

നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ഇതിന് അധിക സാമ്പത്തിക ചെലവുണ്ടാകില്ലെന്നും, ആയുഷ് മന്ത്രാലയത്തിനു കീഴിലും റെയില്‍വേയിലും ജോലിചെയ്യുന്നവര്‍ക്കും പുതിയ തീരുമാനം ബാധകമാണെന്നും എന്നാല്‍, കേന്ദ്ര ആരോഗ്യ സേവന വിഭാഗം ഡോക്ടര്‍മാര്‍ക്ക് ബാധകമല്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ആയുഷ് മന്ത്രാലയം, പ്രതിരോധ വകുപ്പ് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വിസസിലെ സിവിലിയന്‍ ഡോക്ടര്‍മാര്‍), ഡിഫന്‍സ് പ്രൊഡക്ഷന്‍ വകുപ്പ് ( ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറീസ് ഹെല്‍ത്ത് സര്‍വിസ് മെഡിക്കല്‍ ഓഫിസര്‍മാര്‍), ആരോഗ്യമന്ത്രാലയത്തിലും റെയില്‍വേയിലുമുള്ള ദന്ത ഡോക്ടര്‍മാര്‍, ഉന്നത വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍, പ്രധാന പോര്‍ട്ട് ട്രസ്റ്റുകളിലെ ഡോക്ടര്‍മാര്‍ എന്നിവരുടെ വിരമിക്കല്‍ പ്രായം ഇതോടെ 65 ആയി ഉയര്‍ന്നു.

കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര സേനാവിഭാഗങ്ങളായ സിആര്‍പിഎഫിലും ബിഎസ്എഫിലും മെഡിക്കല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തിയിരുന്നു.

Top