സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ ആസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഇലോണ്‍ മസ്‌ക്. 5500-ഓളം കരാര്‍ ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. നേരത്തെ 3500-ഓളം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. ട്വിറ്ററിലെ ആകെ ജീവനക്കാരുടെ 50 ശതമാനത്തോളമാണിത്.
ജീവനക്കാര്‍ക്കാര്‍ക്കും പിരിച്ചുവിടലിനെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. കമ്പനിയുടെ ഇമെയിലും മറ്റു വാര്‍ത്താവിനിമയ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ കഴിയാതായതോടെയാണ് ജീവനക്കാര്‍ക്ക് തങ്ങളെ പിരിച്ചുവിട്ടു എന്ന് മനസ്സിലായത്. ട്വിറ്ററിന്റെ റിയല്‍ എസ്റ്റേറ്റ്, മാര്‍ക്കറ്റിങ്ങ്, എന്‍ജിനീയറിങ്ങ് ഉള്‍പ്പടെയുള്ള വിഭാഗത്തിലെ ജീവനക്കാരാണ് ജോലി നഷ്ടപ്പെട്ടവരില്‍ ഏറെയും.
മാനേജര്‍മാര്‍ക്കും പിരിച്ചുവിടലിനേപ്പറ്റിയുള്ള സൂചന മസ്‌ക് നല്‍കിയില്ലെന്നാണ് വിവരം. ജീവനക്കാരുടെ ഔദ്യോഗിക ഇമെയില്‍ വഴി അവരെ ബന്ധപ്പെടാന്‍ കഴിയാതെവന്നപ്പോഴാണ് കീഴ്ജീവനക്കാരെ പിരിച്ചുവിട്ടു എന്ന് മാനേജര്‍മാരും അറിയുന്നത്.
ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതു മുതല്‍ ട്വിറ്റര്‍ ആസ്ഥാനത്തുണ്ടായ അഴിച്ചുപണികള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ ട്വിറ്ററിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജിവെച്ചിരുന്നു.