റെട്രോ സ്‌റ്റൈലില്‍ പ്യൂഷെ ഇ ലെജന്റ് അവതരിപ്പിച്ചു

പൂര്‍ണമായും ഇലക്ട്രിക് കരുത്തിലോടുന്ന സ്വയം നിയന്ത്രിത കാര്‍ ‘ഇലെജന്റ് കണ്‍സെപ്റ്റ്’ പ്യൂഷെ അവതരിപ്പിച്ചു. പാരീസ് മോട്ടോര്‍ ഷോയിലാണ് ഇലെജന്റ് കണ്‍സെപ്റ്റ് കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 1960കളില്‍ വിപണിയിലുണ്ടായിരുന്ന 504 കൂപ്പെയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് റെട്രോ സ്‌റ്റൈലിലാണ് വാഹനത്തിന്റെ രൂപകല്പന.

പഴമയുടെ പ്രൗഢി നിലനിര്‍ത്തിയാണ് പുറംമോടിയുടെ ഓവറോള്‍ ഡിസൈന്‍. അത്യാഡംബരത്തിലാണ് അകത്തളം. കോണോടുകോണ്‍ ചേര്‍ന്നുള്ള ഡിസൈനിലാണ് സ്റ്റിയറിങ് വീല്‍. ശബ്ദത്തിനനുസൃതമായി പ്രവര്‍ത്തിക്കുന്ന പേഴ്‌സണല്‍ അസിസ്റ്റന്‍സ് സംവിധാനം സ്വയം സ്വയന്ത്രിത കാറിന് കൂടുതല്‍ ഇണങ്ങും.

ശബ്ദ നിര്‍ദ്ദേശത്തിലൂടെ ഡ്രൈവര്‍ക്ക് വിവിധ കാര്യങ്ങള്‍ നിയന്ത്രിക്കാം. പാട്ട് കേള്‍ക്കാനും ഇലക്ട്രിക് ഡോര്‍ തുറക്കാനും അടയ്ക്കാനുമെല്ലാം ശബ്ദ നിര്‍ദ്ദേശത്തില്‍ സാധിക്കും. പതിനേഴ് ഭാഷകള്‍ ഈ സംവിധാനത്തില്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.

ഇലക്ട്രിക് മോട്ടോറിനൊപ്പം 100wKh ബാറ്ററിയാണ് ഇലെജന്റിന്റെ ഹൃദയം. 456 ബിഎച്ച്പി പവറും 800 എന്‍എം ടോര്‍ക്കും ഇതില്‍ ലഭിക്കും. നാല് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം പിന്നിടാം.

മണിക്കൂറില്‍ 220 കിലോമീറ്ററാണ് പരമാവധി വേഗം. ഒറ്റചാര്‍ജില്‍ 600 കിലോമീറ്റര്‍ ദൂരം നിഷ്പ്രയാസം ഓടിച്ചെല്ലാനും ഇലെജന്റിന് സാധിക്കും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 500 കിലോമീറ്റര്‍ ദൂരം പിന്നിടാനുള്ള ചാര്‍ജ് 25 മിനിറ്റിനുള്ളില്‍ ബാറ്ററിയില്‍ സംഭരിക്കുകയും ചെയ്യാം.

ഫോര്‍ വീല്‍ ഡ്രൈവില്‍ മാനുവല്‍, ഓട്ടോമാറ്റിക്കിലായി നാല് ഡ്രൈവിങ് മോഡുകളില്‍ വാഹനം നിയന്ത്രിക്കാം. 4650 എംഎം നീളവും 1930 എംഎം വീതിയും 1370 എംഎം ഉയരവും 2690 എംഎം വീല്‍ബേസും ഇലെജന്റിനുണ്ട്.

504നെ ഓര്‍മ്മപ്പെടുത്തി ഒരു ടു ഡോര്‍ ഫോര്‍ സീറ്ററാണ് കണ്‍സെപ്റ്റ്. അതേ സമയം ഇലെജന്റിന്റെ പ്രൊഡക്ഷന്‍ മോഡല്‍ പുറത്തിറക്കുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പ്യൂഷെ വ്യക്തമാക്കിയിട്ടില്ല.

Top