ഡൽഹി : ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേര് തെറ്റായ വിലാസം നല്കി മുങ്ങിയെന്ന് റിപ്പോർട്ടുകൾ. നവംബർ 25 മുതൽ ഡിസംബർ 23വരെ ബ്രിട്ടണിൽ നിന്ന് 33000 ഇന്ത്യക്കാർ തിരികെയെത്തിയെന്നാണ് കണക്ക്. ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് പുതിയ ആശങ്കയായ സാഹചര്യത്തിലാണ് ഒരുമാസത്തിനിടെ എത്തിയവർക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താൻ നിർദ്ദേശിച്ചത്.
വന്നവരെ അന്വേഷിച്ച് പോയപ്പോഴാണ് ഗുരുതര പ്രശ്നം വെളിപ്പെട്ടത്. വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേർ തെറ്റായ മേൽവിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയത്. പഞ്ചാബിൽ 2500ഓളം പേർ,കർണാടകത്തിൽ 570,തെലങ്കാനയിൽ 279,മഹാരാഷ്ട്രയിൽ 109,ഒഡീഷയിൽ 27 എന്നിങ്ങനെ പോവുന്നു പട്ടിക.രോഗവ്യാപനത്തിന്റെ തോത് കൂടുതലാണ് പുതിയ വൈറസിലെന്നാണ് അനുമാനം.