ഇംഗ്ലണ്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയാണെന്നറിയിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമേ സഞ്ജു ടീമിൽ ഉൾപ്പെട്ടിരുന്നുള്ളൂ. ആ കളി താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. ഇതോടെയാണ് സഞ്ജു നാട്ടിലേക്ക് മടങ്ങുന്നത്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ ഓപ്പണറായി കളിച്ച സഞ്ജു രാജ്യാന്തര കരിയറിലെ തന്റെ ആദ്യ ഫിഫ്റ്റി നേടിയിരുന്നു. പിന്നീട് ഇംഗ്ലണ്ടിൽ നടന്ന പരിശീലന ടി-20 മത്സരങ്ങളിലും സഞ്ജു കളിച്ചു. രണ്ട് കളിയിലും ഓപ്പണിംഗ് റോളിലെത്തിയ സഞ്ജു ആദ്യ കളിയിൽ 38 റൺസ് നേടി രണ്ടാമത്തെ കളിയിൽ ഗോൾഡൻ ഡക്കായി.
മത്സരത്തിൽ ഇന്ത്യ 50 റൺസിനു വിജയിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പോരാട്ടം 148 റൺസിൽ അവസാനിച്ചു. ടി-20 ഫോർമാറ്റിലെ തന്റെ ആദ്യ അർദ്ധസെഞ്ച്വറിയും നാലുവിക്കറ്റും സ്വന്തമാക്കിയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.