ഹൈദരാബാദ്: വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായി ബിജെപി സഖ്യം രൂപീകരിക്കുന്നതിനെ വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബിജെപി സഖ്യം രൂപീകരിക്കുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രേവന്ത് റെഡ്ഡിയുടെ പ്രതികരണം. 400 ലോക്‌സഭാ സീറ്റുകളും ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ മോദി മറ്റ് പാര്‍ട്ടികളുമായി സന്ധി ചേരുന്നതെന്തിനാണെന്നുമാണ് ചോദ്യം.
‘മോദി പറയുന്നത് ബിജെപി 400 സീറ്റുകള്‍ ജയിക്കുമെന്നാണ്. പിന്നെന്തിന് നിരവധിപ്പേരുമായി സഖ്യം രൂപീകരിക്കണം. അദ്ദേഹം അത്ര മികച്ചതാണെങ്കില്‍പ്പിന്നെ ഓരോ സംസ്ഥാനത്ത് നിന്നും പ്രാദേശിക പാര്‍ട്ടികളെ കൂടെക്കൂട്ടുന്നത് എന്തിന്. ആന്ധ്രയില്‍ ടിഡിപിയുടെ ചന്ദ്ര ബാബു നായിഡു, ബിഹാറില്‍ ജെഡിയുവിന്റെ നിതിഷ് കുമാര്‍, ഒഡീഷയില്‍ നവീന്‍ പട്‌നായിക്, ഉത്തര്‍പ്രദേശില്‍ അപ്നാ ദള്‍. ഇവരെയെല്ലാം മോദി കണ്ടു. മഹാരാഷ്ട്രയില്‍ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും ശിവസേനയെയും പിരിച്ചത് മോദിയാണ്’. രേവന്തിന്റെ വാക്കുകള്‍ ഇങ്ങനെ.രാജ്യത്തെ 140 കോടി ജനങ്ങളും മോദിയെ അകറ്റി നിര്‍ത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നാണ് മോദി സഖ്യം ഉണ്ടാക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.