ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ശങ്കരാചാര്യന്മാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.രാമക്ഷേത്രം എല്ലാ ഹിന്ദുക്കള്‍ക്കും അവകാശപ്പെട്ടതാണെന്ന് രേവന്ത് റെഡ്ഡി. ബി.ജെ.പി മത രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ഭദ്രാചലത്തിലുള്ള രാമക്ഷേത്രം സന്ദര്‍ശിക്കാറുണ്ടെന്നും അയോധ്യയിലെ ക്ഷേത്രത്തില്‍ നിന്ന് വ്യത്യാസമൊന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും സംഘ്പരിവാറും ചേര്‍ന്ന് പണിതീരാത്ത ക്ഷേത്രത്തില്‍ 22ന് നടത്തുന്ന പ്രതിഷ്ഠ ചടങ്ങ് മതാചാരങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് വിട്ടുനില്‍ക്കാന്‍ ആദിശങ്കരന്‍ സ്ഥാപിച്ച ബദരീനാഥ്, ശൃംഗേരി, ദ്വാരക, പുരി മഠങ്ങളിലെ ശങ്കരാചാര്യന്മാര്‍ തീരുമാനിച്ചത്. സ്വാമി നിശ്ചലാനന്ദ സരസ്വതി (പുരി ഗോവര്‍ധന മഠം), സ്വാമി ഭാരതിതീര്‍ഥ (ശാരദാപീഠം, ശൃംഗേരി), സ്വാമി സദാനന്ദ സരസ്വതി (ശാരദാപീഠം, ദ്വാരക), സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി (ജ്യോതിര്‍മഠം, ബദരീനാഥ്) എന്നിവരാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.
പണി പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്താന്‍ പാടില്ലെന്നും പ്രധാനമന്ത്രിയോ മറ്റു രാഷ്ട്രീയ നേതാക്കളോ അല്ല ചടങ്ങിനെ നയിക്കേണ്ടതെന്നും പരമ്പരാഗത ക്ഷേത്ര നിര്‍മാണ, വിഗ്രഹ പ്രതിഷ്ഠാ രീതികള്‍ക്കും സനാതന ധര്‍മശാസ്ത്രത്തിനും വിരുദ്ധമാണ് ചടങ്ങെന്നുമാണ് അവരുടെ അഭിപ്രായം.