ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡി സംസ്ഥാന മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നല്‍കുകയും, കെസിആറിനെ നേരിട്ട് എതിര്‍ത്ത് തോല്‍പ്പിക്കുകയും ചെയ്ത റെഡ്ഡി നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ചെയ്‌തേക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉത്തം കുമാര്‍ റെഡ്ഡിക്കും ഭട്ടി വിക്രമര്‍ക്കയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കും. സംസ്ഥാനത്ത് റൊട്ടേഷന്‍ മുഖ്യമന്ത്രി ഫോര്‍മുല ഉണ്ടാകില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായി എംഎല്‍എമാര്‍ ഓരോരുത്തരുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയില്‍ രേവന്തിനു ഭൂരിപക്ഷം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയവും ഇന്നലെ ചേര്‍ന്ന നിയമസഭാകക്ഷി യോഗം പാസാക്കി. തെലങ്കാനയില്‍ അണിയറയില്‍ കാര്യങ്ങള്‍ നീക്കിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പിന്തുണയും രേവന്തിനാണെന്നാണ് റിപ്പോര്‍ട്ട്.
കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസിനെ കടപുഴക്കിയാണ് പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചെടുത്തത്. 119 അംഗ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 64 സീറ്റുകള്‍ നേടിയപ്പോള്‍ ബിആര്‍എസ് 39 സീറ്റുകള്‍ നേടി.