രേവന്ത് റെഡ്ഡി ഇന്ന് തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഹൈദരാബാദ്: രേവന്ത് റെഡ്ഡി ഇന്ന് തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് 1.40 ന് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. വേദിയില്‍ ക്രമീകരണങ്ങള്‍ തകൃതിയായി നടക്കുകയാണ്. സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തികുമാരി, ഡയറക്ടര്‍ ജനറല്‍ പൊലീസ് രവി ഗുപ്ത എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

രേവന്തിനൊപ്പം തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ച മല്ലു ഭാട്ടി വിക്രമര്‍ക ഉപമുഖ്യമന്ത്രിയാകും. സംസ്ഥാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും ആറ് തവണ എംഎല്‍എയുമായ എ ഉത്തം കുമാര്‍ റെഡ്ഡിയുടേയും മല്ലു ഭാട്ടി വിക്രമിന്റേയും പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും 54 കാരനായ രേവന്ത് റെഡ്ഡിയെ ഹൈക്കമാന്‍ഡ് ഉയര്‍ത്തികാട്ടുകയായിരുന്നു. മൂന്ന് തവണ എംഎല്‍എയായിരുന്ന രേവന്ത് റെഡ്ഡി 2017 ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 2021 ല്‍ പിസിസി അധ്യക്ഷനായി ചുമതലയേറ്റു.

സംസ്ഥാന രൂപീകരണത്തിന് ശേഷം ബിആര്‍എസ് ഭരിച്ച തെലങ്കാനയുടെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാവും രേവന്ത് റെഡ്ഡി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയേക്കും. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് സോണിയ പ്രതികരിച്ചിരുന്നു.ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ രേവന്ത് ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മണികരോ താക്കറെ, കെ സി വേണുഗോപാല്‍ എന്നിവരെയെല്ലാം നേരില്‍ കണ്ട് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചു. കൂടിക്കാഴ്ച്ചയില്‍ പുതിയ മന്ത്രിസഭയെ കുറിച്ചും ചര്‍ച്ച നടന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

 

Top