പരാതിക്കാരോട് മാന്യമായി ഇടപ്പെടണം; റവന്യൂ വകുപ്പില്‍ നല്ല നടപ്പ് പരിശീലനം

revanuu123

തിരുവനന്തപുരം: റവന്യു വകുപ്പില്‍ ഇനി നല്ല നടപ്പിന് പരിശീലനം. വില്ലേജ് ഓഫീസുകള്‍ മുതല്‍ കളക്ടറേറ്റുകളില്‍ വരെ എത്തുന്ന പരാതിക്കാരോട് മാന്യമായി ഇടപെടാനും കൈക്കൂലി അടക്കമുള്ള മോശം പെരുമാറ്റം ഒഴിവാക്കാനുമാണ് നിര്‍ദ്ദേശം. ക്ലാര്‍ക്ക് മുതല്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് റവന്യൂ വകുപ്പിന്റെ നല്ലനടപ്പ് പരിശീലനം നടപ്പാക്കുന്നത്.

ഫയലില്‍ മുഖംപൂഴ്ത്തി പരാതിക്കാരെ കണ്ടില്ലെന്ന് നടിച്ച് ഇരിക്കുന്ന ‘പരിപാടി’ വേണ്ടെന്നും ഓഫീസുകളിലെത്തുന്നവരെ പുഞ്ചിരിയോടെ സ്വീകരിക്കണമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത മാസം പരിശീലനം നല്‍കും. 72 താലൂക്ക് ഓഫീസുകളിലെ നൂറിലേറെ തഹസില്‍ദാര്‍മാരും 100 ഡെപ്യൂട്ടി കളക്ടര്‍മാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്ന

ഭൂനിയമങ്ങളെക്കുറിച്ചും സര്‍ക്കാര്‍ഭൂമി സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചുമാണ് ഏറെക്കാലമായി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. നിയമത്തിലെ പഴുതുകള്‍ കണ്ടെത്തി അഴിമതി കാട്ടാനാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ തുനിഞ്ഞതെന്നാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തല്‍. കോഴ വാങ്ങുകയും ജനങ്ങളോട് അപമര്യാദ കാട്ടുകയും ചെയ്തതിന് 64 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതുവരെ 59 പേര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. 200 പേര്‍ക്കെതിരേ അച്ചടക്ക നടപടിക്കുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.

ഉദ്യോഗസ്ഥരുടെ മാനസികനിലയും സമീപനവും മാറിയേ തീരൂവെന്ന ശക്തമായ സന്ദേശമാണ് റവന്യൂവകുപ്പ് നല്‍കുന്നത്. സമയത്ത് സേവനം നല്‍കാനായില്ലെങ്കില്‍ കാരണം രേഖാമൂലം പരാതിക്കാരെ അറിയിക്കണമെന്നും വില്ലേജ് ഓഫീസര്‍മാരടക്കം പുറത്ത് ജോലിക്കു പോകുന്നുവെങ്കില്‍ മറ്റൊരു ഉദ്യോഗസ്ഥന് ചുമതല നല്‍കിയിരിക്കണമെന്നും. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും റവന്യൂ മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

Top