റവന്യൂ വകുപ്പിലെ അഴിമതിക്കാരുടെ പട്ടിക തയാറാകുന്നു ; ഒപ്പം ശക്തമായ നടപടിയും

bribery

തിരുവനന്തപുരം:സംസ്ഥാനത്ത് റവന്യൂ വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുന്നു. പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ ആദ്യഘട്ടമെന്ന നിലയില്‍ സ്ഥലം മാറ്റം നല്‍കും. ഭൂമി സംബന്ധമായ രേഖകള്‍ കൈകാര്യം ചെയ്യുന്ന ഓഫീസുകള്‍, വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുത്ത് നടപ്പാക്കേണ്ട തസ്തികകള്‍, നേരിട്ട് പൊതുജനങ്ങളുമായി ബന്ധപ്പെടേണ്ട തസ്തികകള്‍ എന്നിവിടങ്ങളില്‍ നിന്നും പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവനക്കാരെ മാറ്റും.

വില്ലേജ് ഓഫീസുകള്‍ മുതല്‍ കളക്ട്രേറ്റുകള്‍ വരെയുള്ള ഓഫീസുകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഉന്നത ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തും. ഇതിനായി ഓരോ ജില്ലയിലും അഞ്ച് പരിശോധനാ സ്‌ക്വാഡുകളും ഒരു മേല്‍നോട്ട സ്‌ക്വാഡും തുടങ്ങും. സ്‌ക്വാഡുകള്‍ ഏപ്രില്‍ 20-നകം രൂപീകരിക്കണമെന്നാണ് റവന്യൂമന്ത്രിയുടെ നിര്‍ദേശം. മേയ് ആദ്യം മുതല്‍ തന്നെ സ്‌ക്വാഡുകളുടെ പരിശോധന ആരംഭിക്കും.

എല്ലാ ജില്ലകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരിക്കും സ്‌ക്വാഡുകള്‍. അതതു ജില്ലകളിലെ സബ്കളക്ടര്‍മാര്‍, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട്, ആര്‍.ഡി.ഒ.മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കാന്‍ സ്‌ക്വാഡുകള്‍ക്ക് അധികാരമുണ്ടാകും.

പണം കൈപ്പറ്റിയതിന് തെളിവു ലഭിച്ചാല്‍ സ്‌ക്വാഡിലുള്‍പ്പെട്ട സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും അധികാരമുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന അഴിമതിക്കേസുകളില്‍ കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് പിരിച്ചുവിടല്‍ നടപടിവരെ സ്വീകരിക്കാനും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കും.

വകുപ്പുതല അച്ചടക്കനടപടി ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ 200 ഉദ്യോഗസ്ഥരുടെ പേരില്‍ വകുപ്പുതല അച്ചടക്കനടപടി നടക്കുന്നുണ്ട്. ഇതില്‍ 60 പേര്‍ സസ്പെന്‍ഷനിലാണ്.

Top