ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ കുറിച്ച് ഒരു തുറന്ന ചര്‍ച്ചയാണ് ഞങ്ങള്‍ക്കാവശ്യം ; രേവതി

revu

കൊച്ചി : നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുടെ വ്യത്യസ്ത നിലപാടുകളെ കുറിച്ച് വിശദീകരിച്ച് നടിയും സംവിധായികയുമായ രേവതി. ഡബ്ല്യുസിസിയില്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായി തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതാണ് അമ്മ അംഗങ്ങള്‍ തന്നെ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതെന്നും രേവതി പറഞ്ഞു. എല്ലാ തീരുമാനങ്ങളും ചര്‍ച്ച ചെയ്യുകയും മറ്റുള്ളവര്‍ അംഗീകരിക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

അമ്മ അംഗമെന്ന നിലയിലാണ് കത്തെഴുതിയിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ കുറിച്ച് ഒരു തുറന്ന ചര്‍ച്ചയാണ് ഞങ്ങള്‍ക്കാവശ്യം. അജണ്ടയിലില്ലാതിരുന്ന വിഷയമായിരുന്നു ഇത്. ഇപ്പോള്‍ മലയാളത്തില്‍ അധികം അഭിനയിക്കാത്തതിനാല്‍ ഞാന്‍ വര്‍ഷങ്ങളായി അമ്മ യോഗങ്ങളില്‍ പങ്കെടുക്കാറില്ല. അത് എന്റെ തെറ്റാണെന്ന് അംഗീകരിക്കുന്നു. എന്നാല്‍, ദിലീപിനെ തിരിച്ചെടുക്കാനുള്ള ചര്‍ച്ച ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും ജനറല്‍ ബോഡിയ്‌ക്കെത്തുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഈ പ്രശ്‌നമുണ്ടായപ്പോള്‍ തല്‍ക്കാലം മാറി നില്‍ക്കുകയാണെന്ന നിലപാടാണ് മഞ്ജു വാര്യര്‍ എടുത്തത്. ഇപ്പോള്‍ ഒരു പ്രതികരണവും നടത്തേണ്ടെന്ന തീരുമാനത്തിലായിരുന്നു അവര്‍. അല്ലാതെ, ഡബ്ല്യുസിസിയുമായി മറ്റു പ്രശ്‌നങ്ങളൊന്നുമില്ലന്നും രേവതി പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം ഡബ്ല്യുസിസി അംഗങ്ങളായ രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് ‘അമ്മ’യില്‍ നിന്നും രാജിവെച്ചത്. രേവതിയും പാര്‍വതിയും പത്മപ്രിയയും ചേര്‍ന്ന് ജൂലൈ 13നോ 14നോ അമ്മ ജനറല്‍ ബോഡി വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചിട്ടുണ്ട്.

Top