പ്രത്യേക യോഗം നടത്തണമെന്നാവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ കത്തിന് മറുപടി ലഭിച്ചിട്ടില്ലെന്ന് നടി രേവതി. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍ രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍’അമ്മ’യില്‍ നിന്നും രാജിവെച്ചതിനു പിന്നാലെയാണ് രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ പ്രത്യേക യോഗം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
‘ആക്രമണത്തെ അതിജീവിച്ച നടിയും ഈ സംഘടനയുടെ ഭാഗമാണ്. അങ്ങനെയിരിക്കെ എന്തുതരം ബഹുമാനമാണ് നിങ്ങള്‍ അവള്‍ക്ക് നല്‍കുന്നത്? അല്ലെങ്കില്‍ എന്ത് സന്ദേശമാണ് നിങ്ങള്‍ അവള്‍ക്ക് നല്‍കുന്നത്? ആക്രമിക്കപ്പെട്ട നടിയും, കേസില്‍ പ്രതിയായ നടനും ഒരേ സംഘടനയില്‍ ഇരിക്കുമ്പോള്‍ എന്തുതരം ഉദാഹരണമാണ് നിങ്ങള്‍ കാണിക്കുന്നത്? കോടതിയില്‍ കേസ് ഇപ്പോഴും നടക്കുമ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ സാധിക്കുന്നത്? അതിനെ ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളില്‍ കുറച്ചു പേര്‍ക്ക് തോന്നി സംഘടനയില്‍ നിന്നും രാജിവയ്ക്കുന്നതാണ് ശരിയെന്നും, കുറച്ചു പേര്‍ക്കു തോന്നി അവിടെ നിലനിന്നുകൊണ്ട് തന്നെ ഇതിനെ ചോദ്യം ചെയ്യണമെന്നും,’ രേവതി വ്യക്തമാക്കി.
കത്തിന് അവര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും രേവതി പറഞ്ഞു.