പാലക്കാട്: മധുക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മുൻ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്. മധുവിനെ പൊലീസ് മുക്കാലിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുമ്പോൾ പരിക്കുകൾ ഉള്ളതായി സാക്ഷിമൊഴികളില്ലെന്നും ആശുപത്രിയിൽ എത്തിയപ്പോൾ പരിക്ക് ഉണ്ടായിരുന്നതായുമാണ് ജെറോമിക് ജോർജിന്‍റെ വെളിപ്പെടുത്തല്‍. പ്രതിഭാഗത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.
മജിസ്റ്റീരിയൽ റിപ്പോർട്ട് കേസ് രേഖയിൽ മാർക്ക് ചെയ്യുന്നതിന്റെ ഭാഗമായാണ് ജെറോമിക് ജോർജിനെ രണ്ടാം തവണയും വിസ്തരിച്ചത്. ഇൻക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥനെന്ന നിലയിൽ നേരത്തെ വിസ്തരിച്ചിരുന്നു. മധു മുക്കാലിയിൽ നിന്ന് ആശുപത്രിയിൽ എത്തുന്നത് വരെ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. എന്നാൽ പൊലീസുകാർ മധുവിനെ മർദ്ദിച്ചതിനു സാക്ഷിമൊഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മർദിച്ചിട്ടില്ലെന്നതിന് സാക്ഷിമൊഴിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും തന്റെ അഭിപ്രായമാണെന്നുമായിരുന്നു മറുപടി.
മധുവിനെ കസ്റ്റഡിയിലെടുത്ത എസ് ഐ പ്രസാദ് വർക്കി, മധുവിനെ പരിശോധിച്ച ഡോക്ടർ ലീമ ഫ്രാൻസിസ്, മധുവിന്റെ ബന്ധു മുരുകൻ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയതെന്ന് ജെറോമിക് ജോർജ് പറഞ്ഞു. മധുവിന്റെ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാക്കാൻ കഴിയുന്ന സാക്ഷികളുടെ മൊഴി എടുത്തില്ലെന്നും മധു മരിച്ചത് കസ്റ്റഡിയില്‍ അല്ലെന്ന് വരുത്താൻ ശ്രമിച്ചവരുടെ മൊഴി മാത്രമാണ് എടുത്തതെന്നും പ്രതിഭാഗം പറഞ്ഞു. മധുവിന്റെ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനു തഹസിൽദാർ തയാറാക്കിയ ബാക്ക് ഫയൽ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
അട്ടപ്പാടി മധു വധക്കേസ് പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ആകെയുള്ള 127 സാക്ഷികളിൽ 24 പേർ കുറ്മാറി. 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. രണ്ട് പേർ മരിച്ചു. 77 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കുറ്റപത്രത്തോടൊപ്പം 122 സാക്ഷികളുടെ ലിസ്റ്റാണ് നൽകിയിരുന്നത്. ഇതിനു പുറമേ അഞ്ച് സാക്ഷികളെ കൂടി ഉൾ പ്പെടുത്തുകയായിരുന്നു.