സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയാകണമെന്ന് ശിപാര്‍ശ ചെയ്തത് അന്നത്തെ പാലാ ബിഷപ്പെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: 1979ല്‍ മുസ്‌ലിം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ശിപാര്‍ശ ചെയ്തത് അന്നത്തെ പാലാ ബിഷപ് സെബാസ്റ്റിയന്‍ വയലിലെന്ന് വെളിപ്പെടുത്തല്‍. എറണാകുളത്ത് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമീഷന്‍ ട്രസ്റ്റ് സംഘടിപ്പിച്ച സി.എച്ച് അനുസ്മരണത്തില്‍ പ്രഭാഷണം നടത്തിയ മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബാണ് വെളിപ്പെടുത്തല്‍ നടത്തിയത്. നിലവിലെ പാലാ ബിഷപ്പിന്റെ മുസ്‌ലിം വിരുദ്ധ വിവാദ പ്രസ്താവന നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമാണ് മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തല്‍.

അഞ്ചാം കേരള നിയമസഭയില്‍ കെ. കരുണാകരനും എ.കെ. ആന്റണിക്കും പി.കെ. വാസുദേവന്‍ നായര്‍ക്കും ശേഷമാണ് സി.എച്ച് മുഖ്യമന്ത്രിയായത്. 1979 ഒക്‌ടോബര്‍ 12നായിരുന്നു സത്യപ്രതിജ്ഞ. അന്ന് പാലാ എം.എല്‍.എ കെ.എം. മാണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സി.എച്ച് മുഖ്യമന്ത്രിയാകുന്നത്.”അന്ന് വയലില്‍ തിരുമേനിയാണ് കെ.എം. മാണിക്ക് പകരം മുഹമ്മദ് കോയയെ ശിപാര്‍ശ ചെയ്തത്. അങ്ങനെ പാലാ മെത്രാന്റെ പിന്തുണയോടെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മുസ്‌ലിമിന് എത്താന്‍ പറ്റി” അലക്‌സാണ്ടര്‍ ജേക്കബ് വിവരിച്ചു.

സമുദായങ്ങള്‍ പരസ്പരം പഴിക്കുന്നതില്‍ അര്‍ഥമില്ലെന്നും കേരളത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കുന്ന അവസ്ഥയിലേക്ക് പോകരുതെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കത്തോലിക്ക സഭയിലെ വൈദികര്‍ യേശു എന്ന ആശയത്തിനായി ജീവിതം സമര്‍പ്പിച്ചവരാണ്. അവരുടെ വാക്കുകളില്‍ സമുദായ താല്‍പര്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റെ പേരില്‍ വിവാദം അരുതെന്നും വിട്ടുവീഴ്ച വേണമെന്നും അദ്ദേഹം പറഞ്ഞു.

Top